ഹൈദരാബാദ്: ഇന്ത്യൻ ബോളർമാരെ നിരന്തരം അതിർത്തി കടത്തി വിൻഡീസ് ബാറ്റ്സ്മാന്മാർ കളം നിറഞ്ഞപ്പോൾ ആതിഥേയർക്കെതിരെ സന്ദർശകർക്ക് കൂറ്റൻ സ്കോർ. ഹൈദരാബാദിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് കരീബിയൻ പട അടിച്ചെടുത്തത്. വെടിക്കെട്ട് പ്രകടനവുമായി ക്രീസിലെത്തിയ എവിൻ ലെവിസും ഷിമ്രോൺ ഹെറ്റ്മയറും നായകൻ കിറോൺ പൊള്ളാർഡുമെല്ലാം ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചു. ഹെറ്റ്മയർ അർധ സെഞ്ചുറിയും തികച്ച ശേഷമാണ് കൂടാരം കയറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ആദ്യാവസാനം തകർത്തടിച്ചു. ആദ്യ ഓവറിൽ തന്നെ ഒരു സിക്സുൾപ്പടെ 13 റൺസെടുത്ത വിൻഡീസിനെ ഞെട്ടിച്ചു അടുത്ത ഓവറിൽ ദീപക് ചാഹർ ലെൻഡി സിമ്മൻസിനെ പുറത്താക്കി. എന്നാൽ വിൻഡീസിനെ പിടിച്ചുകെട്ടാൻ അവിടംകൊണ്ട് ഇന്ത്യയ്ക്കായില്ല. ലെവിസും ബ്രെണ്ടൻ കിങ്ങും തകർത്തടിച്ചു. 17 പന്തിൽ 40 റൺസ് നേടിയ ലെവിസിനെ പുറത്താക്കി വാഷിങ്ടൺ ഇന്ത്യയ്ക്കൊരു ബ്രേക്ക്ത്രൂ നൽകിയെങ്കിലും കിങ്ങിനൊപ്പം ചേർന്ന് ഹെറ്റ്മയർ തകർത്തടിക്കാൻ തുടങ്ങി.

പത്താം ഓവറിൽ തന്നെ ടീം സ്കോർ സെഞ്ചുറി കടത്താൻ വിൻഡീസ് താരങ്ങൾക്കായി. പിന്നാലെ കിങ് മടങ്ങിയതോടെ ഹെറ്റ്മയറിന് കൂട്ടായി നായകനെത്തി. 41 പന്തിൽ 56 റൺസെടുത്ത ഹെറ്റ്മയറെയും 19 പന്തിൽ 37 റൺസ് നേടിയ കിറോൺ പൊള്ളാർഡിനെയും ഒരു ഓവറിൽ ഒന്ന് ഇടവിട്ട പന്തുകളിൽ ചാഹൽ മടക്കിയെങ്കിലും വിൻഡീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ ജേസൺ ഹോൾഡറും ഏഴമനായി എത്തിയ ദിനേശ് രാംദിനുമെല്ലാം വെടിക്കെട്ട് ബാറ്റിങ് തുടർന്നു.

ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ഭേദപ്പെട്ട ബോളിങ് പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ബാക്കിയുള്ള താരങ്ങളെല്ലാം കരീബിയൻ കാറ്റിന്റെ വേഗത നന്നായി അറിഞ്ഞു.
ഇന്ത്യയ്ക്കുവേണ്ടി യുസ്‌വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചില്ല. ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് രേഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്.

ഇന്ത്യ XI: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, യുസ്വ‌വേന്ദ്ര ചാഹൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook