ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിൽ വച്ചാണ്. ഏകദിന പരമ്പരയിൽ വിൻഡീസിനെ തകർത്തതിന്റെ ആതമവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതും ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. ടി20 ലോകകപ്പ് പടിവാതിക്കൽ നിൽക്കെ പരമ്പരയിലെ പ്രകടനം ഓരോ താരങ്ങൾക്കും പ്രധാനമാണ്. അതേസമയം, പരുക്കിൽ നിന്ന് മുക്തനായെങ്കിലും പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കാത്ത രാഹുലിന് പകരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രോഹിത്തിനൊപ്പം റിഷഭ് പന്തോ ഇഷാന് കിഷനോ ഓപ്പണറാകാനാണ് സാധ്യത. അതേസമയം, ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ സഞ്ജുവിനെ ഓപ്പണിങ്ങിൽ കൊണ്ടുവരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാൽ മധ്യനിരയിൽ റിഷഭ് പന്തിന് സ്ഥാനം കണ്ടെത്തേണ്ടി വരും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, എന്നിവരാകും ബാറ്റിങ്ങിലെ അടുത്ത സ്ഥാനക്കാർ. ബൗളിങ്ങിൽ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും ഉറപ്പാണ് ഇവർക്കൊപ്പം ആവേശ് ഖാനോ ആർഷഅര്ഷ്ദീപോ എത്തിയേക്കാം.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്, രവി ബിഷ്ണോയ് തുടങ്ങിയ മികച്ച സ്പിൻ നിരയാണ് ടീമിലുള്ളത്. പരുക്കിൽ നിന്ന് മുക്തനാവുന്ന ജഡേജയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബാറ്റിങ് കൂടി കണക്കിലെടുത്ത് സീനിയർ താരമായ അശ്വിൻ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചേക്കും.
മറുവശത്ത് നിക്കോളാസ് പുരാന് നയിക്കുന്ന വിന്‍ഡീസ് ടീമും ശക്തമാണ്. ഏതൊരു സ്കോറും കടത്തിവെട്ടാവുന്ന കൂറ്റനടിക്കാരാണ് ടീമിലുള്ളത്. എന്നാൽ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ അവർ എത്ര മികവ് കാണിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്. ഇതുവരെയുള്ള പ്രകടനമെടുത്താൽ ഇന്ത്യക്ക് തന്നെയാണ് ആധിപത്യം. മുൻപ് കളിച്ച 20 മത്സരങ്ങളില്‍ 13ലും ഇന്ത്യയാണ് ജയിച്ചത്.
മത്സരം എവിടെ, എങ്ങനെ കാണാം?
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സിലൂടെയാണ് മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം. ‘ഫാന്‍ കോഡ്’ ആപ്പിലൂടെ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് കാണാം.
ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്/ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര് അശ്വിന്/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
വെസ്റ്റ് ഇന്‍ഡീസ് സാധ്യത ഇലവൻ: ബ്രന്‍ഡന്‍ കിങ്, കെയ്ല്‍ മയേഴ്സ്, നിക്കോളാസ് പുരാന്, ഷിംറോണ്‍ ഹെറ്റ്മയര്‍, റോവ്മാന്‍ പവല്‍, ഒഡെയ്ന്‍ സ്മിത്ത്, ജേസണ്‍ ഹോള്‍ഡ്, അകീല്‍ ഹൊസീന്, റൊമാരിയോ ഷെഫേര്‍ഡ്, ഒബെദ് മക്കോയ്, ഹെയ്ഡല്‍ വാല്‍ഷ്/ അല്‍സാരി ജോസഫ്.