കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയിലെ സര്‍വാധിപത്യം ആവര്‍ത്തിക്കുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. എല്ലാ മത്സരങ്ങളും രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തില്‍ വച്ചാണ് നടക്കുക.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മധ്യനിരയുടെ ബലക്കുറവും ബോളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതുമായിരുന്നു ഇന്ത്യ നേരിട്ടിരുന്ന പ്രധാന വെല്ലുവിളികള്‍. എന്നാല്‍ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി ത്രയം പരാജയപ്പെട്ടപ്പോള്‍ മധ്യനിര പക്വത കാണിച്ചു. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കെ. എല്‍.രാഹുല്‍ എന്നിവരായിരുന്നു കരുത്തായത്.
കെ.എല്‍.രാഹുലിന്റെ അഭാവത്തില്‍ യുവതാരം ഇഷാന്‍ കിഷനായിരിക്കും രോഹിതിനൊപ്പം ഓപ്പണിങ്ങിനിറങ്ങുക. തുടക്കത്തില്‍ സ്കോറിങ്ങിന് വേഗം കൂട്ടുക എന്നതായിരിക്കും ഇഷാന്റെ ചുമതല. വിരാട് കോഹ്ലിയുടെ ഫോം ആശങ്കയാണെങ്കിലും താരം തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്മെന്റിനുള്ളത്.
ബോളിങ് ഓള്‍ റൗണ്ടര്‍മാരായ ശാര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവരില്‍ ഒരാള്‍ അന്തിമ ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യത. വാഷിങ്ടണ്‍ സുന്ദറിന് പരുക്കേറ്റതിനാല്‍ ബാറ്റിങ് ബലപ്പെടുത്താനായി ഇരുവരേയും ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്പിന്നര്‍മാരില്‍ രവി ബിഷ്ണോയിക്ക് പരമ്പരയില്‍ അവസരം ഒരുങ്ങിയേക്കും.
മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പരാജയപ്പെട്ട ഭുവിക്ക് ടീമില്‍ ഇടം നേടാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പര. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഫോമിലാണ്. ട്വന്റി 20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ സന്തുലിതമായ ടീമിനെ സൃഷ്ടിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.