മലയാളികൾ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി സഞ്ജു സാംസൺ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിൽ. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലെയിങ് ഇലവനിൽ സഞ്ജു ഉണ്ടെന്ന് ബിസിസിഐയുടെ പോസ്റ്റ് വന്നതോടെ സോഷ്യൽ മീഡിയയിൽ ആരാധകാവേശം അണപൊട്ടി ഒഴുകുകയാണ്.
സഞ്ജുവിന് അവസരം നൽകിയതിന് ടീം മാനേജ്മെന്റിനെ അഭിനന്ദിച്ചും സഞ്ജുവിന് ആശംസകൾ നേർന്നുമാണ് ആരാധകരുടെ പോസ്റ്റുകൾ. സഞ്ജുവിനെ ടീം മാനേജ്മെന്റ് ഇനിയും പിന്തുണയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
16 അംഗം ടീമിൽ ഇഷാൻ കിഷന് കീഴിൽ രണ്ടാം വിക്കറ്റ് കീപ്പർ ആയിട്ടായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ ഇഷാൻ കിഷന് പകരം ഇന്ത്യ സഞ്ജുവിനെ ആദ്യ മത്സരത്തിൽ പരീക്ഷിച്ചേക്കുമെന്ന പ്രതീക്ഷ ആരാധകർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സഞ്ജു ടീമിൽ എത്തിയത് അവർ ആഘോഷമാക്കുന്നത്.
അതേസമയം, ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന് നിക്കോളാസ് പുരാന് ഇന്ത്യയെ ബാറ്റിങിനയച്ചു. ശുഭമാൻ ഗിലും നായകൻ ശിഖർ ധവാനുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ന് കളിക്കുന്നില്ല. അക്സര്‍ പട്ടേലാണ് പകരക്കാരന്. ജഡേജ ഇല്ലാത്തതിനാൽ ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം.
ഇന്ത്യ പ്ലെയിങ് ഇലവന്: ശിഖര്‍ ധവാന്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ്: ഷായ് ഹോപ്പ്(, ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്സ്, കൈൽ മേയേഴ്സ്, നിക്കോളാസ് പൂരൻ(ക്യാപ്റ്റൻ), റോവ്മാൻ പവൽ, അകേൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്ഡൻ സീൽസ്