ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് നാളെ തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ട്രിനിഡാഡിൽ ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും 16 – അംഗ ടീമിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ സഞ്ജു കളിക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് സഞ്ജു ഇതിനു മുൻപ് ഇന്ത്യൻ ഏകദിന ടീമിൽ അംഗമാകുന്നത്. അന്ന് ഒരു മത്സരം കളിച്ച സഞ്ജു 46 റൺസ് നേടിയിരുന്നു. അയർലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിച്ച സഞ്ജു രണ്ടാം മത്സരത്തിൽ അർധ സെഞ്ചുറി നേടി തന്റെ ഫോം തെളിയിച്ചിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇടം നേടിയെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. നാളെ നടക്കുന്ന ആദ്യ ഏകദിനത്തിലും സഞ്ജു കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിലവിലെ സൂചന.
ഓപ്പണിങ്ങിൽ ശിഖർ ധവാനൊപ്പം ശുഭ്മാൻ ഗില്ലോ ഇഷാൻ കിഷനോ ഋതുരാജ് ഗെയ്ക്വാദോ എത്തിയേക്കും. സമീപകാല ഫോം പരിഗണിക്കുകയാണെങ്കിൽ ഇഷാൻ കിഷന് തന്നെയാണ് കൂടുതൽ സാധ്യത അങ്ങനെയെങ്കിൽ ശുഭ്മാൻ ഗിൽ മൂന്നാമതായി ഇറങ്ങിയേക്കും. നാലാം സ്ഥാനത്ത് ശ്രേയസ് അയ്യർക്കാണ് സാധ്യത. അഞ്ചാമതായി സൂര്യകുമാർ യാദവും ആറാമതായി ദീപക് ഹൂഡയ്ക്കും നറുക്ക് വീഴാനാണ് സാധ്യത. സഞ്ജുവിനെ പരിഗണിക്കുകയാണെങ്കിൽ നാല് അഞ്ച് ആറ് സ്ഥാനങ്ങളിലേക്കാവും അത്. എന്നാൽ ശ്രേയസ്, സൂര്യകുമാർ, ഹൂഡ എന്നിവരെ വെട്ടി ആ സ്ഥാനത്ത് എത്തുക സഞ്ജുവിന് പ്രയാസമാകും.
വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയാകും ഏഴാമത് ഓൾ റൗണ്ടറായി എത്തുക. ഹാർദികിന്റെ അഭാവത്തിൽ ശാർദൂൽ താക്കൂറിനെയും ബൗളിങ് ഓൾറൗണ്ടറായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. പരിചയസമ്പത്ത് കണക്കിലെടുത്ത് സ്പിന്നറായി യുസ്വേന്ദ്ര ചാഹലിനാണ് സാധ്യത. അക്സർ പട്ടേൽ പുറത്തിരുന്നേക്കും. പേസ് ബോളറായി മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആർഷദീപ് സിങ് എന്നിവരാകും കളിക്കുക. പരുക്ക് കാരണം ആർഷദീപിന് ഇംഗ്ലണ്ടിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശിനെതിരെ 0-3ന് തോറ്റതിന്റെ ക്ഷീണവുമായാണ് ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്. ഓൾറൗണ്ടർ ജേസൺ ഹോൾഡർ ടീമിൽ തിരിച്ചെത്തിയത് ക്യാപ്റ്റൻ നിക്കോളാസ് പൂരന് ആശ്വാസമാകും. ലോകകപ്പിന് ശേഷം കളിച്ച 39 കളികളിൽ ആകെ ആറ് തവണ മാത്രമാണ് വിൻഡീസിന് 50 ഓവർ മുഴുവൻ ബാറ്റ് ചെയ്യാൻ കഴിഞ്ഞത്. ഇത് ടീമിന്റെ വലിയ ആശങ്കയാണ്. ഏകദിന ലോകകപ്പിന് വെറും 12 മാസങ്ങൾ മാത്രം ശേഷിക്കെ, ടീമിലെ പോരായ്മകൾ പരിഹരിക്കാനാവും വിൻഡീസിന്റെ ശ്രമം.
ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, അക്സര പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
വെസ്റ്റ് ഇൻഡീസ് ടീം: നിക്കോളാസ് പൂരൻ (ക്യാപ്റ്റൻ), ഷായ് ഹോപ്പ് (വൈസ് ക്യാപ്റ്റൻ), ഷമർ ബ്രൂക്സ്, കീസി കാർട്ടി, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്സ്, ഗുഡകേഷ് മോട്ടി, കീമോ പോൾ, റോവ്മാൻ പവൽ, ജെയ്ഡൻ സീൽസ്.