ചെന്നൈ: വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ സന്ദർശകർക്ക് 288 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. അവസാന ഓവറുകളിൽ കേദാർ ജാദവും രവീന്ദ്ര ജഡേജയും തകർത്തടിച്ചതോടെ ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യ എത്തുകയായിരുന്നു.

ടോസ് മുതൽ പിഴച്ച ഇന്ത്യയ്ക്ക് തുണയായത് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ട് റൺസ് കണ്ടെത്താൻ ഓപ്പണർമാർ നന്നായി ബുദ്ധിമുട്ടി. ആദ്യ ഓവറും മൂന്നാം ഓവറും ഉൾപ്പടെ ഒരു റൺസുപോലും കണ്ടെത്താൻ ഇന്ത്യയ്ക്കായില്ല. അതിനിടയിൽ വിക്കറ്റുകളും നിരന്തരം വീണത് ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമായി. ടീം സ്കോർ 25ൽ എത്തിയപ്പോഴേക്കും രാഹുലും കോഹ്‌ലിയും മടങ്ങി. ക്രീസിൽ നിലയുറപ്പിക്കാനായെങ്കിലും റൺസ് കണ്ടെത്തുന്നതിൽ രോഹിത്തും പരാജയപ്പെട്ടു. 56 പന്തുകൾ നേരിട്ട രോഹിത് 36 റൺസാണ് നേടിയത്. രാഹുൽ ആറു റൺസിനും കോഹ്‌ലി നാലു റൺസിനും മടങ്ങി.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ – റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. ശ്രദ്ധാപൂർവ്വം ബാറ്റുവീശിയ യു കരുത്ത് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കൂട്ടി. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം തകർത്തത് അൽസാരി ജോസഫായിരുന്നു. 88 പന്തിൽ 70 റൺസുമായി ശ്രേയസ് പുറത്തായി. പിന്നാലെ 69 പന്തിൽ 71 റൺസ് നേടിയ പന്തിനെ പൊള്ളാർഡും പുറത്താക്കി, എന്നാൽ ആ സമയം ഇന്ത്യ 210 റൺസിൽ എത്തിയിരുന്നു.

ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ജഡേജയും കേദാർ ജാദവും സ്കോറിങ്ങിന്റെ വേഗത കൂട്ടാനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ ക്രീസിൽ നിലയുറപ്പിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടതോടെ ജാദവ് 40 റൺസിനും ജഡേജ 21 റൺസിനും കൂടാരം കയറി. അരങ്ങേറ്റക്കാരൻ ശിവം ദുബെയ്ക്കും കാര്യമായ സംഭാവന ഇന്ത്യൻ സ്കോറിൽ നൽകാൻ സാധിച്ചില്ല. ദീപക് ചാഹറും മുഹമ്മദ് ഷമിയും ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇന്ത്യ എട്ടിന് 287 എന്ന നിലയിൽ.

ഷെൽട്ടൻ കോട്ട്രലിന്റെ ബോളിങ്ങ് പ്രകടനമാണ് വിൻഡീസിന് തുണയായത്. പത്തു ഓവറിൽ മൂന്ന് മെയ്ഡിൻ ഓവറടക്കം 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റാണ് ഷെൽട്ടൻ സ്വന്തമാക്കിയത്. അൽസാരി ജോസഫും കീമോ പോളും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നായകൻ കിറോൺ പൊള്ളാർഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook