കട്ടക്ക്: ഏകദിന പരമ്പര സ്വന്തമാക്കാനുറച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും നാളെ മൂന്നാം മത്സരത്തിനിറങ്ങുകയാണ്. എന്നാൽ കട്ടക്കിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യ – വിൻഡീസ് താരങ്ങൾ ഏറ്റുമുട്ടി. ക്രിക്കറ്റ് മൈതാനത്തല്ല, ടേബിൾ ടെന്നീസിൽ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമാണ് ഇന്ത്യൻ യുവതാരം ശിവം ദുബെയും വിൻഡീസ് താരം ജേസൺ ഹോൾഡറും ടേബിൾ ടെന്നീസ് കളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മത്സരത്തിന്റെ വീഡിയോയിൽ ഇരു താരങ്ങളും രണ്ടു പോയിന്റ് വീതം നേടുന്നത് കാണം. എന്നാൽ പൂർണ വീഡിയോ ലഭ്യമല്ല. ഇന്ത്യൻ താരം ശ്രേയസ് അയ്യർ കാണിയായി വശത്തിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മറ്റു വീൻഡീസ് താരങ്ങളും മത്സരം നടക്കുന്നിടത്തുണ്ട്.

അതേസമയം, തുടർച്ചയായ പത്താം ഏകദിന പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ നാളെ വിൻഡീസിനെതിരെ ഇരങ്ങുന്നത്. നിലവിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു ടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്. ചെന്നൈയിൽ വിൻഡീസിനും വിശാഖപട്ടണത്ത് ഇന്ത്യയ്ക്കുമായിരുന്നു ജയം.

മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ പേസർ ദീപക് ചാഹർ ഇന്ത്യൻ ടീമിനൊപ്പമില്ല. വിശാഖപട്ടണം ഏകദിനത്തിന് ശേഷം കടുത്ത പുറം വേദന അനുഭവപ്പെട്ടതോടെയാണ് താരത്തിന് വിശ്രമം അനുവദിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പകരം നവ്ദീപ് സെയ്നി ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ പ്ലേയിങ് ഇലവനിൽ താരമെത്താനുള്ള സാധ്യത കുറവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook