ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പതറുന്നു. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മൂന്നു വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത പോവലിനെ അശ്വിനും 14 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ കുൽദീപ് യാദവും 36 റൺസെടുത്ത ഹോപ്പിനെ ഉമേഷ് യാദവും പുറത്താക്കി. വിൻഡീസ് ഇപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബോളർ ശാർദുൽ ഠാക്കർ പരുക്കേറ്റ് പുറത്തായി. തന്റെ രണ്ടാം ഓവറിനിടെ ശാർദുലിന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. 1.4 ഓവർ എറിഞ്ഞ ശാർദുൽ ഓവർ പൂർത്തിയാക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അശ്വിനാണ് പിന്നീട് ഓവർ പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിക്ക് പകരമായാണ് ശർദുലിനെ ടീമിൽ ഉൾപ്പെടുത്തിയത്.

കോച്ച് രവിശാസ്ത്രിയിൽനിന്നാണ് ശാർദുൽ ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന 294-ാമത് താരമാണ് ശാർദുൽ ഠാക്കൂർ. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുളള താരമാണ് 26 കാരനായ ശാർദുൽ. ഇന്ത്യയ്ക്കായി അഞ്ചു ഏകദിനങ്ങളും 7 ടി ട്വന്റിയും കളിച്ചിട്ടുണ്ട്. രണ്ടിലും നിന്നായി 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദുൽ ഠാക്കൂർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook