/indian-express-malayalam/media/media_files/uploads/2019/08/rohit-pujara.jpg)
വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ത്രിദിന സന്നാഹ മത്സരത്തിന്റെ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും അർധസെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
നാലാം വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ട് തീർത്ത പൂജാര - രോഹിത് സഖ്യം അവസാനിപ്പിച്ചത് പൂജാര തന്നെയായിരുന്നു. 187 പന്തിൽ 100 റൺസ് തികച്ചതും പൂജാര റിട്ടയർഡ് ഹർട്ടായി. പിന്നാലെ 115 പന്തിൽ 68 റൺസെടുത്ത രോഹിത് പുറത്തായി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അന്റിഗ്വായിലെ കൂളിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് കെ.എൽ.രാഹുലും മായങ്ക് അഗർവാളുമായിരുന്നു. കെ.എൽ.രാഹുല്‍ 36 ഉം മായങ്ക് അഗര്‍വാള്‍ 12 ഉം അജിങ്ക്യ രഹാനെ ഒരു റൺസും റൺസെടുത്ത് പുറത്തായി.
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. എന്നാൽ മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും താരത്തിന് സാധിച്ചില്ല. അതേസമയം, അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിച്ചു. രോഹിത്തും പുറത്തായതോടെ ക്രീസിലെത്തിയ ഹനുമ വിഹാരിയും ഋഷഭ് പന്തുമാണ് സ്കോർ മുന്നൂറിനടുത്ത് എത്തിച്ചത്.
ഓഗസ്റ്റ് 22നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കും തുടക്കമാകും. നേരത്തെ ഏകദിന - ടി20 മത്സരങ്ങൾ സ്വന്തമാക്കിയ ഇന്ത്യ കരീബിയൻ മണ്ണിലെ പൂർണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us