ധോണിയുടെ ഫോമിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോഴും സ്റ്റംപിങ്ങിൽ തന്നെ തോൽപ്പിക്കാൻ മറ്റൊരാളില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എം.എസ്.ധോണി. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിലായിരുന്നു ധോണിയുടെ മിന്നും സ്റ്റംപിങ്. വെറും 0.08 സെക്കന്റ് മാത്രമാണ് സ്റ്റംപിങ്ങിന് ധോണിക്ക് വേണ്ടിവന്നത്.

28-ാമത്തെ ഓവറിൽ രവീന്ദ്ര ജഡേജയുടെ ബോളിലായിരുന്നു വിൻഡീസ് താരം കീമോ പോളിനെ സ്റ്റംപിങ്ങിലൂടെ ധോണി പുറത്താക്കിയത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ധോണി വിക്കറ്റ് വീഴ്ത്തിയത്. പക്ഷേ ധോണിയുടെ സ്റ്റംപിങ്ങിൽ വിക്കറ്റ് വീണെന്ന് ജഡേജയ്ക്ക് വിശ്വസിക്കാനായില്ല. പക്ഷേ പുഞ്ചിരിച്ചുകൊണ്ട് ക്രീസിലേക്ക് നടന്നുവന്ന ധോണിയെ കണ്ടപ്പോൾ ജഡേജ ഉറപ്പിച്ചു, അത് വിക്കറ്റാണെന്ന്.

സ്റ്റംപിങ്ങിന് വെറും 0.08 സെക്കന്റ് മാത്രമാണ് ധോണിക്ക് വേണ്ടിവന്നതെന്ന് പിന്നീടാണ് കമന്റേറ്റർമാർ പറഞ്ഞത്. ഇത് ഇന്ത്യൻ ടീമിനെയും ആരാധകരെയും ഒന്നുപോലെ അതിശയിപ്പിച്ചു.

നാലാമത് ഏകദിനത്തിൽ വിൻഡീസിനെതിരെ 224 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. 378 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 153 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഒരു മത്സരം സമനിലയിലായിരുന്നു. നവംബർ ഒന്നിന് തിരുവനന്തപുരം കാര്യവട്ടത്ത് വച്ചാണ് അവസാന ഏകദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook