തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മുംബൈയിൽ നടക്കുന്ന മൂന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ വിൻഡീസിനെതിരെ മുംബൈയിൽ ഇറങ്ങുന്നത്. അതേസമയം വിൻഡീസ് വിജയ ടീമിനെ നിലനിർത്തി.

യുസ്‌വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവും ജഡേജയ്ക്ക് പകരം മഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവസരം ലഭിച്ചില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയമുണ്ട്. അതിനാല്‍, ഇന്നത്തെ കളിയില്‍ വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

കാര്യവട്ടം ടി20 യിലെ തോല്‍വി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. ഫീല്‍ഡിങ് പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ഡല്‍ഹിയിലും ഇന്ത്യയ്ക്ക് തോല്‍വി വഴങ്ങേണ്ടി വരും. കാര്യവട്ടത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്. അതേസമയം, കരുത്തരായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് കളത്തിലിറങ്ങുക.

ഡിസംബർ ആറിന് നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വിജയം ആറു വിക്കറ്റിനായിരുന്നു. എട്ടിന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസ് ഒപ്പമെത്തിയത് എട്ട് വിക്കറ്റ് ജയവുമായി. ഹൈദരാബാദിൽ വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ കെ.എൽ.രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ മറികടന്നത്. എന്നാൽ തിരുവനന്തപുരത്ത് വിൻഡീസ് കരുത്ത് കാട്ടി. ഇന്ത്യയെ 170 റൺസിന് പുറത്താക്കിയ വിൻഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook