ഗുയാന: വിൻഡീസിനെതിരായ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരവും സ്വന്തമാക്കി പരമ്പര തൂത്തുവരാനാണ് ഇന്ത്യ ഇറങ്ങുന്നത്. ആശ്വാസജയമാണ് വിൻഡീസിന്റെ ലക്ഷ്യം. ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം. പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ തന്നെ യുവതാരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാറ്റിങ്ങിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെങ്കിലും പ്ലെയിങ് ഇലവനിൽ കെ.എൽ.രാഹുലെത്തിയാൽ അതിശയപ്പെടേണ്ടതില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാതെ പോയ ഋഷഭ് പന്തിന് പകരം കെ.എൽ.രാഹുലിനെ ടീമിലെത്തിക്കണമെന്നാണ് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ ഋഷഭ് പന്തിന് തന്നെ കൂടുത. അവസരം നൽകാനാണ് സെലക്ടർമാരുടെയും മാനേജ്മെന്റിന്രെയും നീക്കം.
അങ്ങനെയെങ്കിൽ ഓപ്പണർമാരായ ശിഖർ ധവാനോ രോഹിത് ശർമ്മയ്ക്കോ വിശ്രമം അനുവദിച്ചേക്കും. ലോകകപ്പിൽ നിന്ന് പരിക്ക്മൂലം പാതിയിൽ തിരിച്ചുവരേണ്ടി വന്ന ധവാന് ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ കാര്യമായ പ്രകടനം പുറത്തെടുക്കാ സാധിച്ചിരുന്നില്ല. എന്നാൽ ഏകദിന – ടെസ്റ്റ് പരമ്പരകൾ ബാക്കിയുണ്ടെന്നിരിക്കെ താരത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത.
കഴിഞ്ഞ മത്സരത്തിൽ താരമായെങ്കിലും നവ്ദീപ് സെയ്നിയ്ക്കും മൂന്നാം മത്സരം നഷ്ടമായേക്കും. രാഹുൽ ചാഹറിന് ടീമിൽ അവസരം ലഭിച്ചേക്കും. രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ രാഹുലിന്റെ ബന്ധു കൂടിയായ ദീപക് ചാഹറും പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തും.
ഇന്ത്യ: വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവ്ദീപ് സെയ്നി.