ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ മൂന്നാം ഏകദിനം നാളെ നടക്കും. മത്സരം ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ്. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിലാണ് മത്സരം. ഒരു ജയവുമായി പരമ്പരയിൽ മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ മത്സരം ജയിക്കാനായാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ വിൻഡീസിന് മേലുള്ള ആധിപത്യം ഉറപ്പിക്കാൻ സാധിക്കും. നേരത്തെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു.

Also Read: ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ: ഷോർട് ലിസ്റ്റിലെ ആറു പേരിൽ രവി ശാസ്ത്രിയും, സെവാഗ് ഔട്ട്

മൂന്നാം ഏകദിനത്തിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും ഓപ്പണർ ശിഖർ ധവാനിലേക്കാണ്. ലോകകപ്പിനിടെ ടീമിൽ നിന്ന് പരിക്കിനെ തുടർന്ന് പുറത്തായ ധവാന് തിരിച്ചുവരവിൽ ഇതുവരെ തിളങ്ങാൻ സാധിച്ചട്ടില്ല. അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ധവാന് രണ്ടക്കം കടക്കാനായത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു റൺസെടുത്ത് പുറത്തായ ധവാൻ രണ്ടാം മത്സരത്തിൽ 23 റൺസ് നേടി പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് നടന്ന മൂന്നാം ടി20യിൽ മൂന്ന് റൺസിലും ആദ്യ ഏകദിനത്തിൽ രണ്ട് റൺസിലും ധവാന്റെ ഇന്നിങ്സ് അവസാനിച്ചു.

ടെസ്റ്റ് ടീമിൽ ധവാൻ ഇടം പിടിച്ചട്ടില്ലാത്തതിനാൽ തന്നെ അവസാന മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുക്കാമെന്ന് വിശ്വാസത്തിലാണ് താരം. അതേസമയം മധ്യ നിരയിൽ ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ് സ്ഥാനം ഉറപ്പിക്കാൻ ഏറ്റുമുട്ടുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ശ്രേയസ് അയ്യരും ടീമിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണെങ്കിലും നാലാം നമ്പരിൽ ആരെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ അർധസെഞ്ചുറി തികച്ചിരുന്നു. ഇതോടെ താരത്തെ നാലാം നമ്പരിൽ പരിഗണിക്കണമെന്ന ആവശ്യവുമായി ഇതിഹാസ താരങ്ങളുൾപ്പടെയുള്ള രംഗത്തുണ്ടായിരുന്നു.

രോഹിത്തും പന്തും താളം കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നും കരുത്ത് കാട്ടിയാൽ ഇന്ത്യയെ പിടിച്ചുകെട്ടുക വിൻഡീസ് താരങ്ങൾക്ക് അത്ര എളുപ്പമായിരിക്കില്ല.

ബോളിങ്ങിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി തിളങ്ങിയത് പേസർ ഭുവനേശ്വ കുമാറാണ്. ഭുവിക്കൊപ്പം ഷമിയും ചേരുന്നതോടെ പേസ് നിര കരുത്തരാകും. നവ്‌ദീപ് സൈനിക്ക് ഇന്നത്തെ മത്സരത്തിൽ അവസരം നൽകാനും സാധ്യതയുണ്ട്. സ്‌പിന്നിൽ ഇന്ത്യൻ പ്രതീക്ഷ കുൽദീപ് യാദവിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook