വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിലെ 12 അംഗ ടീമിനെയാണ് രണ്ടാം ടെസ്റ്റിലും നിലനിർത്തിയത്. പ്രതീക്ഷിച്ചതുപോലെ ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ചായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സ്ഥാനം നേടി. ആദ്യ ടെസ്റ്റിൽ പൂജ്യം റൺസിന് പുറത്തായ കെ.എൽ.രാഹുലിനും രണ്ടാം ടെസ്റ്റിൽ സ്ഥാനം ലഭിച്ചു. അതേസമയം, ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന മായങ്ക് അഗർവാളിന് ഇത്തവണയും അവസരം ലഭിച്ചില്ല.

അജിങ്ക്യ രഹാനെയുടെ ഫോമിനെക്കുറിച്ച് വിമർശനങ്ങൾ ഉയരുമ്പോഴും രണ്ടാം ടെസ്റ്റിലും രഹാനെയെ നിലനിർത്തി. അതേസമയം, മിഡിൽ ഓവറിൽ ഓപ്ഷനുണ്ടായിരുന്ന ഹനുമ വിഹാരിക്ക് ടീമിൽ ഇടം ലഭിച്ചില്ല.

രാജ്കോട്ട് ടെസ്റ്റിൽ ബോളിങ്ങിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടാം ടെസ്റ്റിലും ഇടം നേടി. ബോളിങ്ങിൽ പകരക്കാനായി ഷാർദുൽ ഠാക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തി. എന്നാൽ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ടെസ്റ്റ് അരങ്ങേറ്റത്തിനായി സിറാജ് ഇനിയും കാത്തിരിക്കേണ്ടി വരും.

ആദ്യ ടെസ്റ്റിലെ വിജയത്തോടെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി അരങ്ങേറ്റ താരങ്ങൾക്ക് അവസരം നൽകിയേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇതിൽതന്നെ മായങ്ക് അഗർവാളിന് അവസരം ലഭിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കഴിഞ്ഞ വർഷം ആഭ്യന്തര മത്സരങ്ങളിൽനിന്നായി 2,000 റൺസാണ് മായങ്ക് നേടിയത്.

ഹൈദരാബാദിൽ നാളെയാണ് (വെളളിയാഴ്ച) ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു.

രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദുൽ ഠാക്കൂർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ