ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി അടിച്ച പൃഥ്വി ഷായെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങളിൽ പലരും രംഗത്തുവന്നിരുന്നു. 18 കാരനായ ഷായെ മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കറുമായും വിരേന്ദർ സെവാഗുമായാണ് ക്രിക്കറ്റ് ആരാധകർ താരതമ്യം ചെയ്തത്. ഇത്തരത്തിലുളള താരതമ്യം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. വെസ്റ്റ് ഇൻഡീസിനെതിരെ വെളളിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

”വളരെയധികം കഴിവുളള കളിക്കാരനാണ് പൃഥ്വി ഷാ. അത് നമ്മളെല്ലാം കണ്ടതാണ്. ഇപ്പോൾ അവന് വളരാനുളള ഇടമാണ് നൽകേണ്ടത്. ആരുമായും ഇപ്പോൾ അവനെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് അവന് സമ്മർദ്ദമുണ്ടാക്കും. അവനെ അവന്റേതായ വഴിയെ വിടുക. അവൻ ക്രിക്കറ്റ് ആസ്വദിക്കട്ടെ. പതുക്കെ പതുക്കെ അവൻ മികച്ചൊരു കളിക്കാരനായി വളരുമെന്ന് ഞങ്ങൾക്കെല്ലാവർക്കും ഉറപ്പുണ്ട്”, കോഹ്‌ലി പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 154 ബോളിൽനിന്നുമാണ് ഷാ 134 റൺസെടുത്തത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ കഴിവുളള താരമാണ് ഷായെന്ന് കോഹ്‌ലി പറഞ്ഞു. ”ആദ്യ ടെസ്റ്റിലെ പോലെ മികച്ച പ്രകടനം രണ്ടാം ടെസ്റ്റിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യങ്ങളെ അവൻ നന്നായി മനസ്സിലാക്കി കളിക്കുന്നുണ്ട്. അവനിൽ ഞങ്ങളെല്ലാവരും സന്തുഷ്ടരാണ്”, കോഹ്‌ലി പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുളള ടീമിലും പ്രതീക്ഷിച്ചതുപോലെ പൃഥ്വി ഷാ ഇടം നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ പൂജ്യം റൺസിന് പുറത്തായ കെ.എൽ.രാഹുലിനും രണ്ടാം ടെസ്റ്റിൽ സ്ഥാനം ലഭിച്ചു. ആദ്യ ടെസ്റ്റിലെ 12 അംഗ ടീമിനെയാണ് രണ്ടാം ടെസ്റ്റിലും നിലനിർത്തിയത്.

രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദുൽ ഠാക്കൂർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook