അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇൻഡീസിനെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. പേസർ പ്രസിദ്ധ് കൃഷ്ണയുടെ ബൗളിങ് മികവിലാണ് ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്. മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയമാണിത്.
നന്നായി തുടങ്ങിയ വിന്‍ഡീസിന് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ് കൃഷ്ണ റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഡാരന്‍ ബ്രാവോയെ (1) മടക്കി താരം വിന്‍ഡീസിന് ഇരട്ട പ്രഹരം നൽകി. പിന്നാലെ 27 റണ്‍സെടുത്ത് കരുതി കളിച്ച ഷായ് ഹോപ്പിനെ യുസ്‌വേന്ദ്ര ചഹൽ പുറത്താക്കിയതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. അതിനു ശേഷം ക്യാപ്റ്റന്‍ നിക്കോളാസ് പൂരനെരനെ (9) പ്രസിദ്ധും ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂറും മടക്കി.
പിന്നീടെത്തിയ ബ്രൂക്ക്‌സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാൽ 31-ാം ഓവറില്‍ ബ്രൂക്ക്‌സിനെ മടക്കി ദീപക് ഹൂഡ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ഫാബിയാന്‍ അലനെ (13) സിറാജ് മടക്കി. 40-ാം ഓവറില്‍ 52 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അകീൽ ഹൊസൈനെ ശാര്‍ദുല്‍ താക്കൂറും പുറത്താക്കി. പിന്നീട് ഒഡീന്‍ സ്മിത്ത് (24) ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. തുടർന്ന് 46-ാം ഓവറില്‍ കെമാര്‍ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റെടുത്തപ്പോള്‍ ശാർദൂൽ താക്കൂര്‍ രണ്ടും സിറാജ്, ചഹല്‍, സുന്ദര്‍, ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സർപ്രൈസ് ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്ത് എന്നിവർ നിരാശപ്പെടുത്തിയപ്പോള്‍ അർധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും കെ എല്‍ രാഹുലിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.
മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. 12-ാം ഓവറിന്റെ ആദ്യ പന്തിൽ റിഷഭ് പന്തും (18) വിരാട് കോഹ്ലിയും (18) പുറത്തായി. പിന്നാലെ ക്രീസിൽ എത്തിയ രാഹുലും സൂര്യകുമാറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ സ്‌കോര്‍ 134-ല്‍ നില്‍ക്കേ 48 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം നേടി 49 റണ്‍സുമായി നന്നായി ബാറ്റ് ചെയ്യുകയായിരുന്ന രാഹുൽ റണ്ണൗട്ടായി. അധികം വൈകാതെ 39-ാം ഓവറില്‍ സൂര്യകുമാറും പുറത്തായി. 83 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 64 റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെ ഇന്ത്യ പരുങ്ങലിലായി.
എന്നാൽ പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദറും (24) ദീപക് ഹൂഡയും (29) ചേർന്ന് സ്കോർ 200 കടത്തി. ശാര്‍ദുല്‍ താക്കൂര്‍ (8), മുഹമ്മദ് സിറാജ് (3) എന്നിവരാണ് പിന്നീട് ക്രീസിലെത്തിയത്. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ആതിഥേയര്‍ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം കെ. എല്‍. രാഹുല്‍ ടീമിലെത്തി. മറുവശത്ത് പരിക്കേറ്റ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് വിന്‍ഡീസിനായി ഇറങ്ങില്ല. പകരം നിക്കോളാസ് പൂരനാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ: രോഹിത് ശർമ്മ (നായകന്‍), കെ. എൽ. രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാൻഡൻ കിംഗ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, നിക്കോളാസ് പൂരൻ (നായകന്‍), ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്.
Also Read: ‘അന്ന് എന്നോട് ക്രിക്കറ്റ് നിർത്തി ഓട്ടോ ഓടിക്കാൻ പറഞ്ഞു,’ കരിയറിന്റെ തുടക്കകാലം ഓർത്തെടുത്ത് സിറാജ്