/indian-express-malayalam/media/media_files/uploads/2019/12/india-1.jpg)
IND vs WI 2nd ODI: വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 280 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങിൽ ഓപ്പണർമാരുടെ സെഞ്ചുറിയും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിരയെ എറിഞ്ഞിട്ട് ഷമിയും കുൽദീപും ഇന്ത്യയ്ക്ക് വിജയപാത തെളിക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിങ്സിൽ നിന്ന് വ്യത്യസ്തമായി വേഗം തന്നെ താളം കണ്ടെത്താൻ വിൻഡീസ് ഓപ്പണർമാർക്കായി. എന്നാൽ ടീം സ്കോർ 61ൽ നിൽക്കെ ലെവിസിനെ മടക്കി ഷാർദുൽ ഠാക്കൂർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. വൈകാതെ ഹിറ്റ്മാൻ ഹെറ്റ്മയറും മടങ്ങിയെങ്കിലും ഹോപ്പ് പ്രതീക്ഷയോടെ ബാറ്റ് വീശിയതോടെ വിൻഡീസ് സ്കോറിങ് മുന്നേറി, കൂട്ടായി നിക്കോളാസ് പൂറാനും.
എന്നാൽ പൂറാനെയും നായകൻ കിറോൺ പൊള്ളാർഡിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഷമി വിൻഡീസിനെ ഞെട്ടിച്ചു. പിന്നെയായിരുന്നു കുൽദീപിന്റെ ഹാട്രിക് പ്രകടനം. ഹോപ്പ്, ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ ഒന്നിനുപുറകെ ഒന്നായി കൂടാരം കയറി. അവസാന പ്രതീക്ഷയെന്ന പോലെ കീമോ പോൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഷമി വിക്കറ്റ് തെറിപ്പിച്ചതോടെ വിൻഡീസ് ഇന്നിങ്സ് 280 റൺസിൽ അവസാനിച്ചു.
ഒന്നാം വിക്കറ്റിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് - രാഹുൽ സഖ്യത്തിന്റെ ബാറ്റിങ് മികവിലാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 387 റൺസിന് ഇന്നിങ്സ് അവസാനിപ്പിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശർമയും കെ.എൽ.രാഹുലമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. രോഹിത് 159 റൺസും രാഹുൽ 102 റൺസ് നേടി. അവസാന ഓവറുകളിൽ പന്തിന്റെ വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് അനായാസം കുതിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യം മെല്ലപോക്ക് നയമാണ് സ്വീകരിച്ചത്. ആദ്യ 20 ഓവറിൽ ടീം സ്കോർ മൂന്നക്കം കടത്താൻ പോലും ഇന്ത്യൻ ഓപ്പണർമാർക്ക് ആയില്ല. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച രോഹിത്തും രാഹുലും സ്കോറിങ്ങിന്റെ വേഗത കൂട്ടി. ഇതിനിടയിൽ നിരവധി തവണ ഇരുവരെയും പുറത്താക്കാൻ ലഭിച്ച അവസരവും വിൻഡീസ് പാഴാക്കിയതോടെ ആയൂസ് നീട്ടികിട്ടിയ ഊർജത്തിൽ താരങ്ങൾ അക്രമണശൈലിയിലേക്ക് മാറി.
രോഹിത് ശർമയാണ് ആദ്യം സെഞ്ചുറി തികച്ചത് പിന്നാലെ രാഹുലും മൂന്നക്കം കടന്നു. എന്നാൽ രാഹുലിന്റെ ആയൂസ് അധികം നീണ്ടില്ല. 104 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 102 റൺസ് നേടിയ രാഹിലിനെ അൽസാരി ജോസഫ് റോഷ്ടൺ ചേസിന്റെ കൈകളിൽ എത്തിച്ചു. അടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യ തകർച്ചയിലേക്ക് എന്ന് ആരാധകരും ഒരു നിമിഷം കരുതി.
എന്നാൽ ശ്രേയസ് അയ്യരെ മറുവശത്ത് കാഴ്ചക്കാരനാക്കി രോഹിത് വെടിക്കെട്ടിന് തിരികൊളുത്തി. 138 പന്തിൽ 159 റൺസുമായി മുന്നേറിയ രോഹിത്തിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത് കോട്ട്രലായിരുന്നു. അഞ്ചു സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തി. അർധസെഞ്ചുറികളുമായി ക്രീസിൽ നിലയുറപ്പിച്ച് കളിച്ച പന്തിന്റെയും ശ്രേയസിന്റെയും വെറോരു മുഖമായിരുന്നു പിന്നീട് വിശാഖപട്ടണം കണ്ടത്.
നിരന്തരം ബൗണ്ടറികൾ പായിച്ച പന്ത് കീമോ പോളിന്റെ പന്തിൽ പുറത്താകുമ്പോൾ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 16 പന്തിൽ 39 റൺസ് അക്കൗണ്ടിൽ ചേർത്തിരുന്നു. അത്ര തന്നെ ബൗണ്ടറികളുമായി ശ്രേയസ് അയ്യർ 32 പന്തിൽ 53 റൺസും സ്വന്തമാക്കിയാണ് കളം വിട്ടത്. ഇന്നിങ്സ് അവസാനിപ്പിക്കുക എന്ന ദൗത്യവുമായി ക്രീസിലെത്തിയ ജാദവും ജഡേജയും ടീം സ്കോർ 387ൽ എത്തിച്ചു.
ജേസൺ ഹോൾഡറൊഴികെ മറ്റുള്ള വിൻഡീസ് ബോളർമാരെല്ലാം ഇന്ത്യൻ താരങ്ങളുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. വിൻഡീസിന് വേണ്ടി ഷെൽട്ടൻ കോട്ട്രൽ രണ്ടു വിക്കറ്റ് വീഴ്ത്തി. കീമോ പോൾ, ജോസഫ് അൽസാരി, കിറോൺ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us