വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൈക്കുഴ സ്പിന്നർമാർക്ക് വീണ്ടും മുൻഗണന നൽകികൊണ്ടാണ് ടീം പ്രഖ്യാപനം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ടീമിനുണ്ട്. അതേസമയം, രവിചന്ദ്രൻ അശ്വിനെ ഏകദിന ടീമിലോ ടി20 ടീമിലോ ഉൾപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി ആറ് മുതൽ അഹമ്മദാബാദിലും കൊൽക്കത്തയിലുമായി യഥാക്രമം മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ കളിക്കുക. പരുക്കിൽ നിന്ന് മോചിതനായ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക.
കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് മുമ്പാണ് അശ്വിനെ വീണ്ടും വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. തുടർന്ന്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. പരുക്ക് മൂലം സീനിയർ ഓഫ് സ്പിന്നറായ അശ്വിൻ ടീമിൽ നിന്ന് പുറത്താകുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു, എന്നാൽ ഇത് സംബന്ധിച്ച് ബിസിസിഐ ഒന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം “ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു” എന്നും രവീന്ദ്ര ജഡേജ “കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നുള്ളൂ” എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ചത്തെ സെലക്ഷൻ യോഗത്തിൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോൽവിയും മുന്നോട്ടുള്ള കാര്യങ്ങളും ചർച്ച ചെയ്തുവെന്നാണ് വിവരം. പരിശീലകൻ രാഹുൽ ദ്രാവിഡും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ക്യാപ്റ്റനായിരുന്ന കെ.എൽ.രാഹുലും വരാനിരിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു, അങ്ങനെയാണ് വീണ്ടും കൈക്കുഴ സ്പിന്നർമാരിലേക്ക് തിരിയാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിവരം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കുൽദീപ് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു, അതിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കാൻ സെലക്ടർമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തിന്റെ കളി കണ്ടിരുന്നോ എന്ന് വ്യക്തമല്ല, എന്നാൽ കായികക്ഷമത വീണ്ടെടുത്ത കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കുൽദീപ് അവസാനമായി ശ്രീലങ്കയിൽ ഇന്ത്യക്കായി കളിച്ചത്.
മറ്റൊരു ലെഗ് സ്പിന്നറായ രവി ബിഷ്ണോയും പരമ്പരയിൽ അരങ്ങേറ്റം കുറിക്കും. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനുള്ള ഓപ്ഷനായാണ് കൈക്കുഴ സ്പിന്നർമാരെ സെലക്ടർമാരും ടീം മാനേജ്മെന്റും കാണുന്നത്. രാജസ്ഥാനിൽ നിന്നുള്ള 21 കാരനായ ബിഷ്ണോയ് ഐപിഎല്ലിലെ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ
ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.