ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 94 റണ്‍സ് മാത്രമാണ് വിന്‍ഡീസ് താരങ്ങള്‍ സമ്പാദിച്ചത്. 555 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ്.

38 പന്ത് ബാറ്റ് ചെയ്ത് 27 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ചെയ്‌സും കീമോ പോളുമാണ് ക്രീസിലുള്ളത്. പോള്‍ 13 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ആരംഭത്തില്‍ തന്നെ വിന്‍ഡീസിനെ പുറത്താക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണര്‍മാരായ ബ്രാത്വെയ്റ്റിന്റേയും കൈറണ്‍ പവല്ലിനേയുമാണ് ഷമി പുറത്താക്കിയത്. അശ്വിനും കുല്‍ദീപും ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കോഹ്‌ലി ഇരുവരെയും മടക്കി വിളിച്ചത്.

രണ്ടാം ദിനം 364ന് 4 നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യ സ്‌കോര്‍ അതിവേഗം ഉയര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം താളം കണ്ടെത്തിയതോടെ വിന്‍ഡീസ് ബോളര്‍മാര്‍ തല്ല് വാങ്ങി കൂട്ടി. 92 റണ്‍സെടുത്ത റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏറെ വൈകാതെ 139 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്‌ലിയും മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ജഡേജ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു.

ആദ്യദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സച്ചില്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.

കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റണ്‍സൊന്നും എടുക്കാതെയാണ് രാഹുല്‍ കളം വിട്ടത്. ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 41 റണ്‍സെടുത്ത് പുറത്തായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ