ബംഗ്ലാദേശിനെതിരായ ടി20-ടെസ്റ്റ് പരമ്പരകളിലെ ആധികാരിക ജയത്തിന് ശേഷം സ്വന്തം മണ്ണിൽ വെസ്റ്റ് ഇൻഡീസിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് വീതം മത്സരങ്ങളടങ്ങുന്ന ടി20-ഏകദിന പരമ്പരകളാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്. ഡിസംബർ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. അതേസമയം ആദ്യ ടി20 മത്സരത്തിന്റെ വേദിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബിസിസിഐ.
നേരത്തെ ഡിസംബർ ആറിന് നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യ മത്സരം ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതർ. രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും വിൻഡീസിന്റെ ഇന്ത്ൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം നടക്കുക. പകരം ഡിസംബർ 11ന് മുംബൈയിൽ മൂന്നാം മത്സരം നടത്തും. തിരുവനന്തപുരം കാര്യവട്ടത്താണ് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം.
Also Read: കാത്തിരിപ്പ് കാര്യവട്ടത്ത് അവസാനിക്കുമോ?; ഇന്ത്യൻ ടീമിലേക്ക് വീണ്ടും സഞ്ജു
ടി20 പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. സൂററ്റിൽ നടന്ന മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ശിഖർ ധവാന്റെ ഇടതു കാൽമുട്ടിനു പരുക്കേറ്റിരുന്നു. ഇതോടെയാണ് ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ എടുക്കാൻ ബിസിസിഐ തീരുമാനിച്ചത്. ധവാന്റെ പരുക്ക് ഭേദമാകാൻ കൂടുതൽ സമയം വേണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചതായി ബിസിസിഐ വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
Also Read: ഇതാണെന്റെ ദാമ്പത്യ രഹസ്യം; വെളിപ്പെടുത്തി എം.എസ്.ധോണി
അടുത്തിടെ ബംഗ്ലാദേശിനെതിരെ നടന്ന ടി 20 പരമ്പരയിലെ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചിരുന്നില്ല. ഇതിനെതിരെ മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഹർഷ ഫോഗ്‌ലെ, അയാസ് മേമൻ ഉൾപ്പടെയുള്ള ക്രിക്കറ്റ് രംഗത്തെ പ്രമുഖർ സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. മോശം ഫോമിൽ തുടരുന്ന പന്തിനെ നിലനിർത്തി ഒരവസരം പോലും നൽകാതെ സഞ്ജുവിനെ ഒഴിവാക്കിയതിലാണ് ഭൂരിപക്ഷവും പ്രതിഷേധം ഉയർത്തിയത്.
ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.