ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം . വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ – ഇഷാന്‍ കിഷന്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയിലെ ആദ്യ അഞ്ചോവറില്‍ 57 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. എന്നാൽ അതിനു പിന്നാലെ 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി റോസ്റ്റണ്‍ ചേസ് ഈ കൂട്ടുകെട്ട് തകർത്തു.
രോഹിത് പുറത്തായതിനു ശേഷം അധികം വൈകാതെ 42 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഇഷാന്‍ കിഷനെയും റോസ്റ്റണ്‍ ചേസ് മടക്കി. വിരാട് കോഹ്ലിയും തൊട്ടു പിന്നാലെ പുറത്തായി. 13 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. 13-ാം ഓവറില്‍ ഫാബിയാന്‍ അലനാണ് കോഹ്ലിയെ മടക്കിയത്. അധികം വൈകാതെ റിഷഭ് പന്ത് മോശം ഷോട്ടിന് ശ്രമിച്ച് വെറും എട്ട് റണ്‍സുമായി പുറത്തായി.
പിന്നീട് ഒന്നിച്ച സൂര്യകുമാര്‍ യാദവ് – വെങ്കടേഷ് അയ്യര്‍ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 48 റൺസാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
സൂര്യകുമാര്‍ 18 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 34 റണ്‍സോടെയും വെങ്കടേഷ് അയ്യര്‍ 13 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 24 റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്.
43 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയ് നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി, ആദ്യ മത്സരത്തിൽ തന്നെ തിളങ്ങി. ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
വിന്‍ഡീസിന് ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിനെ (4) നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് നേടിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൈല്‍ മയേഴ്‌സും നിക്കോളാസ് പൂരനും ചേര്‍ന്ന് ടീമിനെ 50 കടത്തി. എന്നാൽ ഏഴാം ഓവറില്‍ 24 പന്തില്‍ നിന്ന് 31 റണ്‍സുമായി നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന മയേഴ്‌സിനെ യുസ്‌വേന്ദ്ര ചാഹല്‍ മടക്കി.
പതിനൊന്നാം ഓവറിൽ തന്റെ രണ്ടാം ഓവർ എറിയാനെത്തിയ ബിഷ്ണോയുടെ വകയായിരുന്നു അടുത്ത പ്രഹരം. റോസ്റ്റണ്‍ ചേസ് (4), റോവ്മാന്‍ പവല്‍ (2) ആ ഓവറിൽ രവി ബിഷ്‌ണോയ് മടക്കി. പിന്നാലെ അകീല്‍ ഹുസൈനെ (10) 14-മത്തെ ഓവറില്‍ ദീപക് ചാഹറും പുറത്താക്കി.
തുടർന്ന്ആറാം വിക്കറ്റില്‍ ഒന്നിച്ച പൂരനും പൊള്ളാര്‍ഡും ചേർന്ന് അതിവേഗം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ 18-ാം ഓവറില്‍ പൂരനെ മടക്കി ഹര്‍ഷല്‍ പട്ടേൽ ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെ അവസാന രണ്ട് ഓവറുകളിൽ വെടിക്കെട്ടുമായി പൊള്ളാർഡ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. പൊള്ളാര്‍ഡ് 19 പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു.
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ(പ), റോവ്‌മാൻ പവൽ, കീറോൺ പൊള്ളാർഡ്(സി), റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, ഓഡിയൻ സ്മിത്ത്, ഫാബിയൻ അലൻ, ഷെൽഡൺ കോട്രെൽ
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ, രോഹിത് ശർമ (സി), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യു), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ
Also Read: ഇന്ത്യ – ശ്രീലങ്ക പരമ്പരയുടെ പുതിയ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു