ഫ്‌ളോറിഡ: അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരമായി സൈനി. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 96 റണ്‍സ്. ഇന്ത്യയുടെ ബോളിങ് മികവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണെടുത്തത്.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോണ്‍ കാംപ്‌ബെല്ലിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ തന്നെ എവിന്‍ ലൂയിസിനെ പുറത്താക്കി ഭുവനേശ്വറും വിന്‍ഡീസിന് പ്രഹരമേല്‍പ്പിച്ചു. രണ്ട് പേരും അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്.
തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ നവ്ദീപ് സൈനി നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണെറിഞ്ഞിട്ടത്. നിക്കോളാസ് പൂരാന്‍, കിറോണ്‍ പൊള്ളാര്‍ഡ്, ഹെറ്റ്‌മെയര്‍ എന്നീ വമ്പന്മാരെയാണ് സൈനി തിരിച്ചയച്ചത്.
വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത് പൂരാനും പൊള്ളാര്‍ഡും മാത്രമാണ്. പൊള്ളാര്‍ഡ് അര്‍ധ സെഞ്ചുറിയ്ക്ക് ഒരു റണ്‍സകലെയാണ് പുറത്താകുന്നത്. പൂരാന്‍ 20 റണ്‍സും കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.