അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ പരമ്പരയിൽ ഇന്ത്യക്ക് 1-0ന്റെ ലീഡ് ലഭിച്ചു.
വിൻഡീസിനെ 177 റൺസ് വിജയലക്ഷ്യവുമായി പിന്തുടർന്ന ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ അർദ്ധ സെഞ്ചുറി നേടി. 51 പന്തിൽനിന്ന് 10 ഫോറും ഒരു സിക്സറും അടക്കം 60 റൺസാണ് രോഹിത് നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷൻ 36 പന്തിൽ രണ്ട് ഫോറും ഒരു സിക്സറുമടക്കം 28 റൺസ് നേടി. വിരാട് കോഹ്ലി നാല് പന്തിൽ എട്ട് റൺസും റിഷഭ് പന്ത് ഒമ്പത് പന്തിൽ 11 റൺസുമെടുത്ത് പുറത്തായി.
സൂര്യകുമാർ യാദവ് 36 പന്തിൽ 34 റൺസും ദീപക് ഹൂഡ 32 പന്തിൽ 26 റൺസും പുറത്താകാതെ നേടി.
വിൻഡീസിന് വേണ്ടി അൽസാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു. അകീൽ ഹൊസെയ്ൻ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 176 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരെ ഇന്ത്യ 43.5 ഓവറിൽ ഓൾഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചഹലിന്റെയും മൂന്ന് വിക്കറ്റ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളർമാർ വിൻഡീസിനെ എറിഞ്ഞൊതുക്കിയത്. 71 പന്തിൽ 57 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്.
മൂന്നാം ഓവറിൽ ഷായി ഹോപ്പിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ പത്ത് ഓവറുകളിൽ ഭേദപ്പെട്ട പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് കാഴ്ചവെച്ചത്. എന്നാൽ പിന്നീട് അങ്ങോട്ട് തുടരെ വിക്കറ്റുകൾ നഷ്ടമായി. 22.5 ഓവറുകൾ പൂർത്തിയായപ്പോഴേക്കും വിഡീസിന്റെ മുൻനിരയും മധ്യനിരയും അപ്പാടെ തകർന്നിരുന്നു.
79 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴു വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ഷായ് ഹോപ് (8), ബ്രണ്ടന്‍ കിങ് (13), ഡാരെന്‍ ബ്രാവോ (18), ബ്രൂക്ക്സ് (12), നിക്കോളാസ് പൂരാന് (18), കീറോണ്‍ പൊള്ളാര്‍ഡ് (0), അകേല്‍ ഹൊസൈന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതത്. എന്നാൽ പിന്നീട് ഒന്നിച്ച ജെയ്സൻ ഹോൾഡർ – ഫാബിയൻ അലൻ സഖ്യം ടീമിന്റെ രക്ഷകരാവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഹോൾഡറിനൊപ്പം ചേർന്ന് എട്ടാം വിക്കറ്റിൽ ഇരുവരും 78 റൺസ് കൂട്ടിച്ചേർത്തു. 43 പന്തിൽ 29 റൺസാണ് ഫാബിയൻ അലൻ നേടിയത്. പിന്നാലെ എത്തിയ അൻസാരി ജോസഫ് 13 റൺസും നേടി വിൻഡീസിനെ 170 കടത്തുകയായിരുന്നു.
ഇന്ത്യക്കായി ചഹലിനെയും സുന്ദറിനെയും കൂടാതെ, പ്രസീദ് കൃഷ്ണ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ദീപക് ഹൂഡ അരങ്ങേറ്റം കുറിച്ചു. ലതാ മങ്കേഷ്കറുടെ മരണത്തെ തുടര്‍ന്ന് കറുത്ത ബാഡ്ജണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്.
“ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ട് ഏറെ മാസങ്ങളായി. തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചടത്തോളം ഇത് ചരിത്രപരമായ ദിവസമാണ്. താഴ്ചകളും ഉയര്‍ച്ചകളും ധാരാളം കണ്ടു. ടീമെങ്ങനെ വളര്‍ന്നൊ അതുപോലെ തുടരും,” രോഹിത് വ്യക്തമാക്കി.
ഇന്ത്യ: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിങ്, ഷായ് ഹോപ്, ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ്, ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകേൽ ഹൊസൈൻ.
Also Read: ടെസ്റ്റ് ടീം നായകസ്ഥാനത്തേക്കുറിച്ച് രോഹിത് ശര്‍മ