ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരെ 322 റണ്‍സിന്റെ റണ്‍മല ഉയര്‍ത്തിയപ്പോള്‍ ഏറെക്കുറെ കളി ജയിച്ചതായി വിന്‍ഡീസ് കരുതിയതാണ്. കുറഞ്ഞ പക്ഷം ഇന്ത്യയൊന്ന് വിയര്‍ക്കുമെന്നെങ്കിലും അവരുറപ്പിച്ചിരുന്നു. തുടക്കത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനും പുറത്തായതോടെ അതിനുള്ള സൂചനയും കണ്ടു. എന്നാല്‍ പിന്നാലെ ഒരുമിച്ച നായകനും ഉപനായകനും ചേര്‍ന്ന് അനായാസം റണ്‍മല നടന്നു കയറുകയായിരുന്നു.

246 റണ്‍സായിരുന്നു വിരാടും രോഹിത്തും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. റെക്കോര്‍ഡുകള്‍ അനവധിയാണ് ഇരുവരും ചേര്‍ന്ന് മറികടന്നത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ കൂട്ടുകെട്ട്, 200 റണ്‍സ് കൂട്ടുകെട്ടിലെ റെക്കോര്‍ഡ്, അങ്ങനെ. രോഹിത്തുമായി ബാറ്റ് ചെയ്യുന്നത് മികച്ച അനുഭവമാണെന്നാണ് നായകന്‍ വിരാടിന്റെ സാക്ഷ്യം.

”മറുവശത്ത് രോഹിത് ഉണ്ടെങ്കില്‍ ജീവിതം മനോഹരമായിരിക്കും. രോഹിത് ആക്രമണത്തില്‍ നിന്നും മാറി നിന്ന് കളിക്കുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. ടോപ്പ് ത്രീയില്‍ പൊതുവെ ഞാനായിരുന്നു നിലയുറപ്പിക്കാറ്. എന്നാല്‍ ഇന്ന് എനിക്ക് ആക്രമിക്കാന്‍ തോന്നിയത് രോഹിത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ സ്വയം ആങ്കര്‍ റോളിലേക്ക് മാറുകയായിരുന്നു” എന്നായിരുന്നു മത്സരശേഷം വിരാട് പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് വെടികെട്ടിനാണ് ഗുവഹത്തി സാക്ഷിയായത്. തുടക്കത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടെങ്കിലും രോഹിതും കോഹ്‌ലിയും ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ബോളര്‍മാരെ തുടരെ തുടരെ ബൗണ്ടറി പായിച്ച് ഇരുവരും അതിവേഗം അര്‍ദ്ധസെഞ്ചുറിയും സെഞ്ചുറിയും തികച്ചു. ഒപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും.

ഇരട്ടസെഞ്ചുറി കൂട്ടുകെട്ടില്‍ ഒരുപിടി റെക്കോര്‍ഡുകളും ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത സംഖ്യം എന്ന റെക്കോര്‍ഡ് ഒരിക്കല്‍ കൂടി അരക്കെട്ട് ഉറപ്പിക്കുകയായിരുന്നു രോഹിതും കോഹ്‌ലിയും. അഞ്ച് തവണയാണ് ഇരുവരും ചേര്‍ന്ന് 200 റണ്‍സിന് മുകളില്‍ കൂട്ട്‌കെട്ട് തീര്‍ത്തത്. തൊട്ട് പിന്നിലുള്ള കൂട്ടുകെട്ടിലും കോഹ്‌ലി അംഗമാണ് എന്നതാണ് മറ്റൊരു കൗതുകം. ഗൗതം ഗംഭീറിനൊപ്പം ചേര്‍ന്ന് മുന്ന് തവണയും കോഹ്‌ലി 200 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും പിറന്നത് ഗുവഹത്തിയിലെ മത്സരത്തില്‍. 246 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും – വിരാട് കോഹ്‌ലിയുടെയും പേരിലാണ് ഈ റെക്കോര്‍ഡും.

മറ്റൊരു റെക്കോര്‍ഡ് കൂടി ഇരുവരും സ്വന്തമാക്കി. ഒരു മത്സരത്തില്‍ തന്നെ ഇരുവരും സെഞ്ചുറി നേടുന്ന നാലാമത്തെ സഖ്യമായും കോഹ്‌ലി – രോഹിത് സഖ്യം മാറി. 4 തവണയാണ് ഇരുവരും ഒരു മത്സരത്തില്‍ സെഞ്ചുറി തികച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook