India vs UAE Match Preview: ഇന്ത്യയും യുഎഇയും തമ്മിലുള്ള രാജാന്ത്യര സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന് നടക്കും. ഒമാനുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അഭാവത്തിലും സമനില നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്ന ഒമാനെ 55-ാം മിനിറ്റിലെ മൻവീർ സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ സമനിലയിൽ തളയ്ക്കുകയായിരുന്നു. 43-ാം മിനിറ്റിലാണ് ഒമാൻ ലീഡ് നേടിയത്. ഇന്ത്യയുടെ ചിംഗ്ലെൻസാന സിങ്ങിന്റെ സെൽഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നൽകിയത്. പത്ത് പുതുമുഖങ്ങളുമായാണ് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച് സൗഹൃദ മത്സരങ്ങൾക്കായി ദുബായിൽ എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ 6 പേർ അവസാന പതിനൊന്നിൽ ഇടംപിടിച്ചിരുന്നു.
ഒമാൻ നിരയെ തളച്ച അത്ര എളുപ്പമാകില്ല യുഎഇയുമായുള്ള ഇന്നത്തെ മത്സരം. ഏഷ്യൻ ടീമുകളുടെ റാങ്കിങ്ങിൽ എട്ടാമതും, ഫിഫ റാങ്കിങ്ങിൽ 74 മതുമാണ് യുഎഇ ദേശിയ ടീം. 104 ആണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം. എന്നാലും കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലെ ഇന്ത്യൻ നിരയുടെ മുന്നേറ്റവും, ബിപിൻ സിങ്, മൺവീർ സിങ് എന്നീ യുവതാരങ്ങളുടെ പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.
Read Also: സാം കറന്റെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ
മത്സരം എവിടെ? എപ്പോൾ?
ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ രാത്രി 7:30 (ഇന്ത്യൻ സമയം 7:00) നാണ് മത്സരം ആരംഭിക്കുന്നത്.
എങ്ങനെ കാണാം?
ഇന്ത്യയിൽ യൂറോസ്പോർട്സ് ടിവിയിലാണ് തത്സമയ മത്സരം ലഭ്യമാകുക. ഓൺലൈനായി ജിയോ ടിവി, അബുദാബി സ്പോർട്സ് വൺ വെബ്സൈറ്റിലും ആപ്പിലും മത്സരം കാണാം.
ആദ്യമത്സരം സാങ്കേതിക തകരാറുകൾ കാരണം യുറോസ്പോർട്സിലൂടെ സംപ്രേഷണം ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ തകരാറുകൾ പരിഹരിച്ചതായും മത്സരം ഇന്ന് സംപ്രേഷണം ചെയ്യുമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീം ആരൊക്കെ?
പത്ത് പുതുമുഖങ്ങൾ ഉൾപ്പടെ 27 അംഗ ടീമാണ് മത്സരത്തിനായി ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്നത്. ടീം ഇവരിൽ നിന്ന്,
ഗോൾകീപ്പർമാർ – അമരീന്ദർ സിംഗ്, സുഭാശിഷ് റോയ് ചൗധരി, ഗുർപ്രീത് സിംഗ് സന്ധു, ധീരജ് സിംഗ്
ഡിഫൻഡർമാർ – അശുതോഷ് മെഹ്ത, മന്ദർ റാവു ദേശായ്, മഷൂർ ഷെരീഫ്, ആകാശ് മിശ്ര, പ്രിതം കോട്ടൽ, സന്ദേശ് ജിങ്കൻ, ചിംഗ്ലെൻസന സിംഗ്, സാർതക് ഗോല്യു, ആദിൽ ഖാൻ.
മിഡ്ഫീൽഡർമാർ – ഉദാന്ത സിംഗ്, റൗളിൻ ബോർജസ്, ലാലെംഗ് മാവിയ, ജീക്സൺ സിംഗ്, റെയ്നിയർ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ, ഹളിചരൺ നർസാരി, ലാലിൻസുവാല ചാംഗ്തെ, ആശിഖ് കുരുനിയൻ, രാഹുൽ കെപി, ബിപിൻ സിംഗ്, യാസിർ മൊഹമ്മദ്, സുരേഷ് സിംഗ്.
ഫോർവേഡ്സ് – മൻവീർ സിംഗ്, ഇഷാൻ പണ്ഡിത, ഹിതേഷ് ശർമ്മ, ലിസ്റ്റണ് കോളാക്കോ