എഎഫ്സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ പിന്നിട്ടു നിൽക്കുന്നു. ആതിഥേയരായ യുഎഇയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പിന്നിട്ട് നിൽക്കുന്നത്. 41-ാം മിനിറ്റിലായിരുന്നു യുഎഇയുടെ ഗോൾ.

കരുത്തരായ യുഎഇയാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. കളിയുടെ 69 ശതമാനവും പന്ത് യുഎഇ താരങ്ങളുടെ കൈവശമായിരുന്നു. പന്ത് കൈയ്യടക്കം വെയ്ക്കുന്നതിൽ യുഎഇയും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയും മികവ് പുലർത്തി. ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തെ മറികടന്ന് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആതിഥേയർ പലപ്പോഴും പരാജയപ്പെട്ടു. കളിയുടെ 41-ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധത്തിലെ വിള്ളൽ കണ്ടെത്തി മുബാറക് ഗോൾ സ്കോർ ചെയ്യുകയായിരുന്നു.

വിരസമായ തുടക്കത്തിൽ നിന്നും പെട്ടന്ന് തന്നെ കളിയുടെ ഗൗരവത്തിലേക്ക് കടന്ന ഇന്ത്യക്ക് തുടരെ തുടരെ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞിരുന്നില്ല. 7-ാം മിനിറ്റിൽ ജിങ്കന്റെ ഹെഡറിലൂടെയായിരുന്നു തുടക്കം. എന്നാൽ ജിങ്കന്റെ ഹെഡർ പുറത്തേക്ക് പോവുകയായിരുന്നു. 11-ാം മിനിറ്റിലും 23-ാം മിനിറ്റിലും സുവർണാവസരങ്ങൾ സുനിൽ ഛേത്രി സൃഷ്ടിച്ചെങ്കിലും യുഎഇ പ്രതിരോധം വിലങ്ങു തടിയാവുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്നും ഇറക്കുകയായിരുന്നു. നായക സ്ഥാനത്തേക്ക് സുനിൽ ഛേത്രി തിരിച്ചെത്തി. ടീമിലെ മലയാളി സാനിധ്യങ്ങളായ അനസും ആഷിഖും ഇക്കുറിയും ആദ്യ ഇലവനിൽ ഇടം പിടിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ