എഎഫ്സി ഏഷ്യൻ കപ്പിൽ തയ്‍ലൻഡിനെതിരായ വിജയ ടീമിനെ നിലനിർത്തി നീല കടുവകൾ യുഎഇക്കെതിരെ. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്നും ഇറക്കും. നായക സ്ഥാനത്തേക്ക് സുനിൽ ഛേത്രി തിരിച്ചെത്തും. ടീമിലെ മലയാളി സാനിധ്യങ്ങളായ അനസും ആഷിഖും ഇക്കുറിയും ആദ്യ ഇലവനിൽ ഇടം പിടിച്ചു.

പ്രതിരോധത്തിൽ ജിങ്കൻ അനസ് എടത്തൊടിക കൂട്ടുകെട്ട് പ്രതിരോധ കോട്ട കെട്ടും. അറ്റാക്കിങ് മിഡ്ഫീൾഡറായ ആഷിഖ് കുരുണിയൻ നായകൻ സുനിൽ ഛേത്രിക്കൊപ്പം മുന്നേറ്റ നിരയിലാകും കളിക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ജെജെ സൂപ്പർ സബ്ബായി തന്നെ ഇന്നുമെത്തുമെന്നാണ് കരുതുന്നത്.

തായ്‌ലൻഡിനെ 4-1 ന് തകര്‍ത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടാൻ ബൂട്ടുകെട്ടുന്നത്. ആതിഥേയരായ യുഎഇയ്ക്കാണ് മുന്‍ തൂക്കമെങ്കിലും ആദ്യ മത്സരങ്ങളിലെ രണ്ട് ടീമുകളുടേയും പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആദ്യ മത്സരത്തില്‍ യുഎഇ ബഹ്റൈനോട് സമനില വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഇന്ത്യ 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ വിജയം സ്വന്തമാക്കിയത്. അനിരുദ്ധ് ഥാപ്പയും ജെജെയും കൂടെ സ്‌കോര്‍ ചെയ്തതോടെ ഇന്ത്യയുടെ ലീഡ് ഉയര്‍ന്നു. ചരിത്രം കുറിച്ച വിജയത്തിന്റെ ആവേശത്തിലുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ വലിയ ചലനം സൃഷ്ടിക്കും എന്നുറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook