ഇന്രർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. താജിക്കിസ്ഥാനാണ് നിലവിലെ ചാമ്പ്യമാരെ അട്ടിമറിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യക്കെതിരെ താജിക്കിസ്ഥാന്റെ ജയം. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിലുള്ള താജിക്കിസ്ഥാനോടേറ്റ തോൽവി ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ താജിക്കിസ്ഥാനോട് അടിയറവ് പറഞ്ഞത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ഇന്ത്യൻ താരം ലാലിയാനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഛേത്രി വലയിലെത്തിക്കുകയായിരുന്നു. 41-ാം മിനിറ്റിൽ ഛേത്രിയുടെ വക രണ്ടാം ഗോൾ. ഒന്നാം പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു ഇന്ത്യ.

എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യൻ പ്രതിരോധത്തെ തകർത്ത് താജിക്കിസ്ഥാൻ ഒന്നിന് പുറകെ ഒന്നായി നാല് ഗോളുകൾ. സൂപ്പർ താരങ്ങളായ സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ബെഞ്ചിലിരുന്നപ്പോൾ പാടെ തകർന്ന ഇന്ത്യൻ പ്രതിരോധ നിര പകരം കൊടുക്കേണ്ടി വന്നത് ഒരു മത്സരം തന്നെയാണ്.

രണ്ടാം പകുതിയിൽ 56-ാം മിനിറ്റില്‍ കോമറോണ്‍ ടര്‍സുനോവിലൂടെ താജിക്കിസ്ഥാന്‍ ആദ്യ ഗോള്‍ മടക്കി. രണ്ട് മിനിറ്റുകൾക്ക് ശേഷം 58-ാം മിനിറ്റില്‍ ഷറിദിന്‍ ബൊബോവിലൂടെ താജിക്കിസ്ഥാന്‍ രണ്ടാം ഗോള്‍ നേടി ഒപ്പമെത്തി. 71-ാം മിനിറ്റില്‍ മുഹമ്മദ് റഹിമോവിലൂടെ താജിക്കിസ്ഥാന്‍ മൂന്നാം ഗോളും 75-ാം മിനിറ്റില്‍ സമിയേവ് നാലാം ഗോളും നേടി ഇന്ത്യൻ തോൽവിയിൽ അവസാന ആണിയും തറച്ചു.

അതേസമയം, മലയാളി താരം ജോബി ജസ്റ്റിൻ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് ജോബി മൈതാനത്ത് എത്തിയത്. മറ്റൊരു മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. ജോബി ജസ്റ്റിൻ ഉൾപ്പടെ മൂന്ന് താരങ്ങളാണ് ഇന്നലെ നടന്ന മത്സരത്തിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook