അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തുന്നത്. മറ്റൊരു രാജ്യന്തര സൗഹൃദ മത്സരത്തിന് കൂടി ഒരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ. ഡിസംബർ 27ന് ഒമാനെതിരെ കളിക്കുന്ന മത്സരത്തിന് പുറമെ സിറിയക്കെതിരെയും ഇന്ത്യ ബൂട്ടണിയും.
എഷ്യ കപ്പിന് ഒരുക്കമായി ഇന്ത്യ കളിക്കുന്ന നാലമത്തെ സൗഹൃദ പോരാട്ടമാകും സിറിയക്കെതിരെ. നേരത്തെ ചൈനക്കെതിരെയും ജോർദ്ദാനെതിരെയും ഇന്ത്യ കളിച്ചിരുന്നു. ചൈനയെ ഗോൾരഹിത സമനിലയിൽ തളച്ച ഇന്ത്യ ജോർദ്ദാനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
ഡിസംബർ 30നാണ് സിറിയക്കെതിരായ മത്സരം. റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകളുമായുള്ള പോരാട്ടം ഏഷ്യൻ കപ്പിന് മുമ്പ് മികച്ച മത്സരപരിചയം നേടാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫിഫ റാങ്കിങ്ങിൽ 74-ാം സ്ഥാനക്കാരാണ് സിറിയ, ഒമാൻ 83-ാം റാങ്കിലും. നിലവിൽ ഫിഫ റാങ്കിങ്ങിൽ 97-ാം സ്ഥാനത്താണ് ഇന്ത്യ.
ജനുവരി 5 മുതലാണ് യുഎഇയിൽ ഏഷ്യൻ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് എ യിലാണ് ഇന്ത്യ. ബഹ്റൈൻ, തായ്‍ലൻഡ്, യുഎഇ എന്നീ ടീമുകളുമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് പോരാട്ടം. 24 രാജ്യങ്ങളാണ് ഏഷ്യൻ കപ്പിൽ മാറ്റുരയ്ക്കുന്നത്. 2018 റഷ്യൻ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്.
ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ട ഇന്ത്യ മസ്കറ്റിൽ പരാജയപ്പെട്ടത് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു.