ഡൽഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. 410 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ലങ്ക 3/31 റൺസ് എന്ന നിലയിലാണ്. ഒരു ദിനവും 7 വിക്കറ്റും ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ ഇനി 379 റൺസ് കൂടി വേണം.

നാലാം ദിനമായ ഇന്ന് ഇന്ത്യ 5 വിക്കറ്റിന് 246 റൺസിന് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (50),ശിഖർ ധവാൻ (69), രോഹിത് ശർമ (50), രോഹിത് ശർമ (50 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി നേടി. ചേതേശ്വർ പൂജാര 49 റൺസ് എടുത്ത് പുറത്തായി.

നാലാം ദിനം ഒൻപതു വിക്കറ്റിന് 356 റൺസെന്ന് നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ ആദ്യ ഇന്നിങ്സ് 163 റൺസ് ലീഡ് വഴങ്ങി 373 ന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ധവാന്റെയും കോഹ്‌ലിയുടെയും രോഹിത്തിന്റെയും കരുത്തിൽ ലീഡ് 400 ആക്കി ഉയർത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 29 റൺസെടുക്കുന്നതിനിടെ രണ്ട് മുൻ നിര ബാറ്റ്സ്മാൻമാർ മടങ്ങി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ മുരളി വിജയ്‌യെയാണ് ആദ്യം നഷ്ടമായത്. ഒൻപത് റൺസെടുത്ത് മുരളി വിജയ് ലക്മലിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പത്ത് റൺസെടുത്ത അജിങ്ക്യ രഹാനെയും വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. പെരേരക്കാണ് രഹാനെയുടെ വിക്കറ്റ്.

ശിഖർ ധവാനും പുജാരെയും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ട് ഇന്ത്യൻ സ്കോർനില ഉയർത്തി. പിന്നാലെ ഇറങ്ങിയ കോഹ്‌ലിയും രോഹിത്തും സ്കോർ നില 400 ലേക്ക് കടത്തി ലങ്കയ്ക്കു മുന്നിൽ കൂറ്റൻ റൺസിന്റെ വിജയലക്ഷ്യം തീർത്തു.

ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിന്റെയും ഏഞ്ചലോ മാത്യൂസിന്റെയും മികച്ച കൂട്ടുകെട്ടാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ലങ്കയ്ക്ക് കരുത്തായത്. ഏയ്ഞ്ചലോ മാത്യൂസും (111) ദിനേശ് ചണ്ഡിമലും സെഞ്ചുറി നേടി. ഇരുവരും ചേർന്ന് 181 റൺസിന്റെ കൂട്ടുകെട്ടുണ്ടാണ് ഉണ്ടാക്കിയത്.

അതിനിടെ, അന്തരീക്ഷ മലിനീകരണത്തിൽ അസ്വസ്ഥ പ്രകടിപ്പിച്ച ലങ്കൻ താരങ്ങൾ ഇന്നും മുഖം മൂടി ധരിച്ചാണ് ഫീൽഡിങ് ചെയ്തത്. കളിക്കിടെ ഛര്‍ദിച്ച ലക്മാലിനെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ പുകമഞ്ഞ് രൂക്ഷമായതിനാല്‍ ഇടയ്ക്കിടെ മൽസരം നിർത്തിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ