ഗോൾ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ശ്രീലങ്കയിലെ ഗോൾ മൈതാനത്ത് തുടക്കമാകും. അനിൽ കുംബ്ലെ രാജിവച്ചൊഴിഞ്ഞ സാഹചര്യത്തിൽ രവി ശാസ്ത്രിയുടെ കോച്ചായുള്ള ആദ്യ പരീക്ഷണമാണ് ഈ പരമ്പര. അതേസമയം താരതമ്യേന ദുർബലരായ ടീമാണ് ലങ്കയുടേത്.

സീനിയർ താരങ്ങൾ വിരമിച്ചതിന് പിന്നാലെ പ്രധാന താരമായ ദിനേശ് ചാണ്ടിമൽ രാജിവച്ച് അസുഖത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു. ഇതോടെ സ്പിന്നർ രംഗന ഹെറാത്ത് നയിക്കുന്ന ലങ്കൻ ടീം സമ്മർദ്ദത്തിലായി. ഇന്ത്യൻ നിരയിൽ ഓപ്പണർമാരായ ലോകേഷ് രാഹുലും മുരളി വിജയും ആദ്യ ടെസ്റ്റ്് കളിക്കില്ല. ഇവർക്ക് പകരം ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.

ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന്റെ അമ്പതാമത്തെ ടെസ്റ്റ് മത്സരമാണ് ഇന്നത്തേത്. 49 ടെസ്റ്റുകളില്‍ അശ്വിന്‍ 275 വിക്കറ്റാണ് ഇതുവരെ നേടിയത്. ഇതില്‍ 25 അഞ്ചു വിക്കറ്റ് പ്രകടനവും ഏഴ് 10 വിക്കറ്റ് പ്രകടനവുമുണ്ട്. നാലു സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും നേടിയ അശ്വിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 32.25 റണ്‍സാണ്.

ഇന്ത്യൻ നിരയിൽ ആറാമനായി ഹർദ്ദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. രണ്ട് സ്പിന്നർമാരും രണ്ട് പേസർമാരും മാത്രമുള്ള സാഹചര്യത്തിൽ ഹർദ്ദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയാൽ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയ്ക്ക് ശക്തി വർദ്ധിപ്പിക്കാമെന്നാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ രോഹിത് ശർമ്മയാകും ഇന്ത്യൻ നിരയിൽ ഇറങ്ങു.

ഈ മൈതാനത്ത് ആറ് ടെസ്റ്റുകളിൽ അഞ്ചിലും ജയിച്ച ചരിത്രമാണ് ലങ്കയ്ക്ക് പക്ഷെ സിംബാവേയോട് കഷ്ടിച്ചാണ് കഴിഞ്ഞ മത്സരം ജയിച്ചത്. ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രവചനാതീതമാണ് ലങ്കൻ നിരയുടെ ശക്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ