ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം അസമിലെ ഗുവാഹത്തിയിലാണ് നടക്കുന്നത്.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വിജയശരാശരി കൂടുതലുള്ള ഇന്ത്യ ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കാനാകും പരിശ്രമിക്കുക. പേസ് നിരയെ ശക്തിപ്പെടുത്തുന്ന ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
15 അംഗ ടീമില്‍ ഉള്ള മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും അവസാന പതിനൊന്നില്‍ ഇടംപിടിച്ചില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്.
രോഹിത് ശർമ, മഹമ്മദ് ഷമി എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ബുംറ.
പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനൊപ്പം മികച്ച ഫോമിൽ തുടരുന്ന കെ.എൽ രാഹുൽ തന്നെയായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. മൂന്നാം നമ്പരിൽ നായകൻ ഒരിക്കൽ കൂടി പരീക്ഷണത്തിന് ശ്രമിച്ചാൽ പന്തിനോ ദുബെയ്ക്കോ സ്ഥാനക്കയറ്റം ലഭിക്കും. ഇല്ലെങ്കിൽ കോഹ്ലി തന്നെയായിരിക്കും മൂന്നാം നമ്പരിൽ കളിക്കുക.
Read Also: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്
മറുവശത്ത് ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങൾക്ക് ശേഷമാണ് താരം ടീമിൽ കളിക്കാനെത്തുന്നത്. ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാൽ പെരേര, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ് സിൽവ, കുശാൽ മെൻഡിസ് എന്നീ പ്രധാന താരങ്ങളും ഇന്ത്യക്കെതിരെ ഇറങ്ങും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ടി 20 മത്സരം കനത്ത സുരക്ഷയിലാണ് നടക്കുക. സ്റ്റേഡിയത്തിലേക്ക് പേഴ്സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ പോസ്റ്ററുകളും ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്നും അസം ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചിട്ടുണ്ട്.