ഐസിസി ചാംപ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയോട് തോൽവി ഇരന്നുവാങ്ങുകയായിരുന്നു ഇന്ത്യ. ശ്രീലങ്കയുടെ യുവനിരയെ വിലകുറച്ച് കണ്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തോൽവിയോടെ ഇന്ത്യയുടെ സെമി പ്രവേശനം ആശങ്കയിലായിരിക്കുകയാണ്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാൽ ഇന്ത്യയ്‌ക്ക് ടൂർണമെന്റിൽ മുന്നോട്ട് പോവാം. മത്സരം ഇന്ത്യയിൽ നിന്ന് കൈവിട്ടുപോയ ചില നിമിഷങ്ങളിലൂടെ

ധവാൻ-രോഹിത് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യൻ ടീമിന് നൽകിയത്. എന്നാൽ ഇരുവരും ഒരുക്കിയ അടിത്തറ മുതലാക്കാൻ പിന്നീടെത്തിയ കോഹ്‌ലിയ്‌ക്കും യുവരാജിനുമായില്ല. കോഹ്‌ലി പൂജ്യത്തിനും യുവരാജ് എഴ് റൺസെടുത്തും പുറത്തായത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. ഇത് പിന്നീടെത്തിയവരെ കൂടുതൽ കരുതലോടെ കളിക്കാൻ പ്രേരിപ്പിച്ചു.

ഒരു വൻ കുതിപ്പാണ് മികച്ചൊരു സ്‌കോറിലേക്ക് ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. ആ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവരാജ് പുറത്തായത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. 31-40 ഓവറുകളിൽ 49 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. സ്‌കോറിംങ്ങിന്റെ വേഗതി കുറഞ്ഞത് ടീമിന് തിരിച്ചടിയായി. അവാസാന ഓവറുകളിൽ ധോനിയും ജാദവും നടത്തിയ വെടിക്കെട്ടാണ് ബാറ്റിങ്ങിനെ തുണയ്ക്കുന്ന ഓവൽ പിച്ചിൽ ഇന്ത്യൻ സ്കോർ 300 കടത്തിയത്.

ഫീൽഡിങ്ങിലെ പിഴവുകളാണ് ഇന്ത്യൻ തോൽവിയുടെ പ്രഥാനകാരണം. ലങ്കയുടെ ടോപ് സ്കോററായ ജീവൻ മെൻഡിസിന്റേതുൾപ്പെടെ 3 ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടത്. ചില റണ്ണൗട്ട് അവസരങ്ങളും ഇന്ത്യക്ക് മുതലെടുക്കാനായില്ല. ഹാർദ്ദിക്ക് പാണ്ഡെയും ജഡേജയും നിറം മങ്ങിയത് ഇന്ത്യയ്‌ക്ക് വൻ തിരിച്ചടിയായി. ഇതോടെ ശ്രീലങ്കയെ നിയന്ത്രിക്കാൻ ഇന്ത്യ പാടുപെട്ടു. ഇത്തവണയും അശ്വിനെ പുറത്തിരുത്തിയാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. മിഡിൽ ഓവറുകളിൽ ജഡേജ വിക്കറ്റെടുക്കുമെന്ന് കോഹ്‌ലി കണക്ക് കൂട്ടി. എന്നാൽ ശ്രീലങ്കയ്‌ക്കെതിരെ ഈ തീരുമാനം പാളി. ആദ്യ സ്‌പെല്ലിലെ നാല് ഓവറിൽ 36 റൺസാണ് ജഡേജ വിട്ടുകൊടുത്തത്. ജഡേജ നിറം മങ്ങിയതോടെ കോഹ്‌ലിയും പന്തെടുത്തു. കോഹ്‌ലിയും ജാദവും വരെ ശ്രമിച്ചെങ്കിലും ശ്രീലങ്കയുടെ റൺവേട്ട നിയന്ത്രിക്കാനായില്ല. ഓൾറൗണ്ടറായ ഹാർദ്ദിക്ക് പാണ്ഡെയുടെ പ്രകടനം നിറം മങ്ങിയതും ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook