എതിര്‍ ടീം അംഗങ്ങളുടെ വിക്കറ്റ് വീഴുമ്പോള്‍ ആഘോഷങ്ങള്‍ ഒട്ടും കുറക്കാത്തയാളാണ് ഇന്ത്യന്‌‍ നായകന്‍ വിരാട് കോഹ്ലി. പ്രധാനപ്പെട്ട ബാറ്റ്സ്മാനായാലും വാലറ്റക്കാരനായാലും കോഹ്ലി ഗംഭീര യാത്രയയപ്പ് നല്‍കാറുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാനായ നിരോഷാന്‍ ഡിക്വെല്ലയുടെ വിക്കറ്റ് രവീന്ദ്ര ജഡേജ എടുത്തപ്പോള്‍ വ്യത്യസ്ഥമായ രീതിയിലാണ് കോഹ്ലി ആഘോഷമാക്കിയത്.

ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സില്‍ 61ാം ഓവറില്‍ ഡ്വിക്വെല്ല പുറത്തായപ്പോള്‍ ബംങ്കാര നൃത്തച്ചുവടുകളോടെയാണ് കോഹ്ലി ഇത് ആഘോഷമാക്കിയത്. വളരെ പതിഞ്ഞ താളത്തിലും ആയിരുന്നു കോഹ്ലിയുടെ ആഘോഷം. ആദ്യ ടെസ്റ്റില്‍ ഡിക്വെല്ലയുമായി വാക്കു തര്‍ക്കത്തില്‍ കോഹ്ലി ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു.

ആദ്യ ടെസ്റ്റിലെ അവസാന ദിനം സമയം വൈകിപ്പിക്കാന്‍ ഡിക്വെല്ല ശ്രമിച്ചതാണ് ഇന്ത്യന്‍ നായകനേയും ബൗളറായ മുഹമ്മദ് ഷെമിയേയും പ്രകോപിപ്പിച്ചത്. അവസാനദിനം വെളിച്ചം പോകും മുമ്പ് പതറിയ ലങ്കന്‍ താരങ്ങളെ എറിഞ്ഞിടാനായിരുന്നു സമയം പാഴാക്കാതെ ഇന്ത്യന്‍ താരങ്ങള്‍ പന്തെറിഞ്ഞത്. 19ാം ഓവറില്‍ ഷെമി പന്തെറിയാന്‍ ഓടിവന്ന സമയത്ത് ഡിക്വെല്ല ക്രീസില്‍ തയ്യാറായി നിന്നത് പോലുമില്ല.

ഉടന്‍ തന്നെ ഷെമി തന്റെ അതൃപ്തി ഇന്ത്യന്‍ നായകനേയും ലങ്കന്‍ ബാറ്റ്സ്മാനേയും അറിയിക്കുകയും ചെയ്തു. ഡിക്വെല്ലയെ രൂക്ഷമായി നോക്കിയ ഷെമി ഒരു ഘട്ടത്തില്‍ കടുത്ത അമര്‍ഷത്തോടെ ഡിക്വെല്ലയെ സമീപിച്ചു. സത്യസന്ധമല്ലാത്ത മാര്‍ഗത്തിലൂടെ അല്ല ക്രിക്കറ്റ് കളിക്കേണ്ടതെന്ന് ഷെമി ഡിക്വെല്ലയെ അറിയിച്ചു. എന്നാല്‍ താനല്ല പിച്ചാണ് കാരണക്കാരനെന്നായിരുന്നു ലങ്കന്‍ താരത്തിന്റെ മറുപടി. അംബയര്‍മാര്‍ ഇടപെട്ട് വാക്ക് കൊണ്ടുളള യുദ്ധത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചു.

എന്നാല്‍ കോഹ്ലിയും ഇടപെട്ട് ഡിക്വെല്ലയോട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൂടാതെ അംബയര്‍മാരോട് അസംതൃപ്തി അറിയിക്കുകയും ചെയ്തു. . അവസാനം ഡിക്വെല്ല കോഹ്ലിയോട് ക്ഷമാപണം നടത്തി ക്രിസീലേക്ക് തിരിയുകയായിരുന്നു. ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. പിന്നീട് ഡിക്വെല്ലയുടെ ക്രീസിലെ ശ്രമങ്ങളെ അഭിനന്ദിച്ചാണ് കോഹ്ലി രംഗത്തെത്തിയത്. ഏറെ ആത്മാര്‍ത്ഥമായാണ് അദ്ദേഹം ശ്രമിച്ചതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റിന് വേണ്ടി അദ്ദേഹത്തിന് ഏറെ ചെയ്യാന്‍ കഴിയുമെന്നും കോഹ്ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ