scorecardresearch
Latest News

കരകയറാതെ ദ്വീപുകാർ; ശ്രീലങ്കയെ 78 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

ബാറ്റിങ്ങിലും ബോളിങ്ങിലും കോഹ്‌ലിപ്പ ആഥിപത്യം തുടർന്നപ്പോൾ പരമ്പരയും 2-0ന് ഇന്ത്യ സ്വന്തമാക്കി

India vs Sri Lanka, ഇന്ത്യ-ശ്രീലങ്ക, IND vs SL, sanju samson, സഞ്ജു സാംസൺ, virat kohli, shikhar dhawan, ie malayalam,, ഐഇ മലയാളം

പൂനെ: ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം മത്സരത്തിലും ആതിഥേയർക്ക് വിജയം. 78 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കൻ ഇന്നിങ്സ് 123 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും കോഹ്‌ലിപ്പ ആഥിപത്യം തുടർന്നപ്പോൾ പരമ്പരയും 2-0ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇടയ്ക്ക് എഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസിൽവയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാനായില്ല. ശ്രീലങ്കൻ നിരയിലും അവർ ഇരുവരും മാത്രമാണ് രണ്ടക്കം കടന്നത്.

ടീം സ്കോർ 26ൽ എത്തിയപ്പോൾ തന്നെ നാല് മുൻ നിര താരങ്ങൾ കൂടാരം കയറി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ 31 റൺസിൽ എഞ്ചലോ മാത്യൂസും വീണു. ഒരു വശത്ത് ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുമ്പോളും അക്രമിച്ച് കളിച്ച ധനഞ്ജയ ലങ്കൻ പ്രതീക്ഷകളുടെ ജീവനാഡിയായിരുന്നു. എന്നാൽ 16-ാം ഓവറിൽ സിൽവയെ മടക്കി നവ്‌ദീപ് സൈനി ലങ്കൻ തോൽവിയുടെ അവസാന ആണിയും അടിച്ചു.

28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൈനിയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഷാർദുൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും തിളങ്ങിയപ്പോൾ ദനുഷ്ക ഗുണശേഖരയെ വീഴ്ത്തിയ ജസ്പ്രീത് ബുംറ ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരവുമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അടിച്ചെടുത്തത്. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാന്റെയും കെ.എൽ.രാഹുലിന്റെയും ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസൺ ആദ്യ പന്ത് സിക്സർ പായിച്ച് വരവറിയിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായത് നിരാശയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇരുവരും അതിവേഗം റൺസ് കണ്ടെത്തി. ഒന്നാം വിക്കറ്റിൽ 97 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആദ്യം അർധസെഞ്ചുറി തികച്ചതും പുറത്തായതും ശിഖർ ധവാനായിരുന്നു. 36 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റൺസാണ് ധവാൻ സ്വന്തമാക്കിയത്.

മൂന്നാം നമ്പറിൽ പരീക്ഷണം തുടർന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സഞ്ജുവിന് സ്ഥാനക്കയറ്റം നൽകി. നേരിട്ട ആദ്യ പന്ത് സിക്സർ പായിച്ച സഞ്ജു വരവറിയിച്ചു. എന്നാൽ അടുത്ത ഓവറിൽ രണ്ടാം പന്ത് നേരിട്ട സഞ്ജുവിന് വിക്കറ്റിന് മുന്നിൽ വാനിന്ദു കുടുക്കി. പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെ ക്രീസിൽ നിലയുറപ്പിച്ചപ്പോൾ രാഹുലിനെ സന്ദകൻ കുസാൽ പെരേരയുടെ കൈകളിൽ എത്തിച്ചു. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 54 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. അനാവശ്യ റണ്ണൗട്ട് വഴങ്ങി 18 റൺസിൽ നായകനും മടങ്ങിയ അടുത്ത പന്തിൽ വാഷിങ്ടൺ സുന്ദർ പുറത്തായി.

എന്നാൽ വിൻഡീസിനെതിരായ മത്സരത്തിൽ തിളങ്ങിയ ഷാർദുൽ ഠാക്കൂറും മനീഷ് പാണ്ഡെയും വീണ്ടും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. അവസാന രണ്ട് ഓവറിൽ മാത്രം 34 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മനീഷ് പാണ്ഡെ 18 പന്തിൽ 31 റൺസ് നേടിയപ്പോൾ ഷാർദുൽ ഠാക്കൂർ എട്ട് പന്തിൽ 22 റൺസ് സ്വന്തമാക്കി.

ലങ്കൻ ബോളിങ് നിരയിൽ വാനിന്ദു ഹസറങ്കയും ലക്ഷൻ സന്ദകനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലക്ഷൻ മൂന്ന് വിക്കറ്റും വാനിന്ദു ഒരു വിക്കറ്റും സ്വന്തമാക്കി. ലഹിരു കുമാരക്കാണ് മറ്റൊരു വിക്കറ്റ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka third t20 live score match result