കൊളംബോ: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏക ടി20 മത്സരം ഇന്ന് നടക്കും. കൊളംബോയില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ആശ്വാസ ജയമാണ് ശ്രീലങ്ക തേടുന്നത്. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. പരമ്പരയില്‍ അവശേഷിക്കുന്ന ട്വെന്റി-20 കൂടി നേടിയാല്‍ ലങ്കാദഹനം പൂര്‍ണമാകും.

ഓപ്പണർ റോളിൽ രോഹിത് ശർമ തിരിച്ചെത്തും. കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ എന്നിവർ കൂടി ഉൾപ്പെടുന്നതാവും ഇന്ത്യൻ മധ്യനിര. അഞ്ചാം ഏകദിനത്തിൽ വിശ്രമിച്ച ഹാർദിക് പാണ്ഡ്യ ട്വന്റി-20 ടീമിൽ എത്തിയേക്കാം. ബോളിങ് നിരയിൽ ജസ്പ്രിത് ബുമ്രയുടെ സ്ഥാനം ഉറപ്പാണ്. റൺസ് വഴങ്ങിയ ശാർദുൽ ഠാക്കൂറിനെ ട്വന്റി-20യിൽ പരീക്ഷിക്കാൻ സാധ്യത കുറവ്. ചാഹലും കുൽദീപ് യാദവുമാവും സ്പിൻനിരയിൽ. തുടർച്ചയായ തോൽവികളെ തുടർന്നു വലിയ മാറ്റങ്ങളോടെയാകും ശ്രീലങ്ക ഇന്ത്യക്കെതിരെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.

ഈ വര്‍ഷം ഇന്ത്യ ഇതുവരെ നാല് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നായക സ്ഥാനം ഏറ്റെടുത്ത ശേഷം കോഹ്‍ലിയുടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കൂടി അന്പതാം മത്സരമാണെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ