ഓവൽ : അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ മലർത്തിയടിച്ച് ശ്രീലങ്കയുടെ യുവനിര. ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 322 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 8 പന്ത് ബാക്കിനിൽക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബി യിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് 4 ടീമുകളും പോയിന്റ് നിലയിൽ തുല്യത പാലിച്ചു. ഇനി അവസാന മത്സരത്തിൽ ആര് ജയിക്കുന്നുവോ ആ 2 ടീമുകളായിരിക്കും സെമിയിലേക്ക് കുതിക്കുക. ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ശ്രീലങ്കയുടെ മത്സരം പാക്കിസ്ഥാന് എതിരെയുമാണ്.

ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ കൂറ്റൻ സ്കോർ പടുത്തുയർത്തയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ഫീൽഡിങ്ങിന് ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ ബോളർമാരെ സമർഥമായി നേരിട്ട് ലങ്കയുടെ യുവതാരങ്ങൾ മിടുക്ക് കാട്ടി. 72 പന്തിൽ 76 റൺസാണ് ഗുണതിലക നേടിയത്. 93 പന്തിൽ 89 റൺസ് അടിച്ച് കൂട്ടി കുശാൽ മെൻഡിസും ലങ്കയുടെ വിജയത്തിനായുള്ള അടിത്തറ ഇട്ടു. 44 പന്തിൽ 7 റൺസ് അടിച്ച് കൂട്ടിയ കുശാൽ പെരേരയും ഭയമില്ലാതെയാണ് കളിച്ചത്.

നിർണ്ണായകമായ​ അവസാന ഓവറുകളിൽ ആഞ്ചലോ മാത്യൂസ് ക്യാപ്റ്റന്റെ മികവ് പുറത്തെടുത്തതോടെ ലങ്ക വിജയത്തിലേക്ക് കുതിച്ചു. മാത്യൂസിനെ കാഴ്ചക്കാരനാക്കി അശാല ഗുണരത്ന അവസാന ഓവറുകളിൽ അടിച്ച് തകർത്തപ്പോൾ ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. മാത്യൂസ് 45 പന്തിൽ 52 റൺസും ഗുണരത്ന 21 പന്തിൽ 34 റൺസുമാണ് നേടിയത്.

ഫീൽഡിങ്ങിലെ പിഴവുകളാണ് ലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് വിനയായത്. കുശാൽ മെൻഡിസിന്റേതുൾപ്പടെ പല പ്രധാന ക്യാച്ചുകളും ഇന്ത്യൻ ഫീൽഡർമാർ വിട്ടു കളഞ്ഞു. സ്പിന്നറായ രവീന്ദർ ജഡേജയും ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും ലങ്കയ്ക്ക് എതിരെ അമ്പേ പരാജയമായിരുന്നു.
shikhar dhawan, icc champions trophy
നേരത്തെ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ മികവാലായിരുന്നു ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
128 പന്തുകളിൽ നിന്ന് 15 ഫോറുകളുടെയും 1 സിക്സിന്റേയും അകമ്പടിയോടെയണ് ധവാൻ 125 റൺസ് നേടിയത്. 78 റൺസ് എടുത്ത രോഹിത് ശർമ്മയുംം 63 റൺസ് എടുത്ത ധോനിയും ഇന്ത്യൻ സ്കോർ 300 കടത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook