ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഏഴാമത് ടെസ്റ്റ് സെഞ്ചുറി തികയ്ക്കാൻ 6 റൺസ് മാത്രം ബാക്കിനിൽക്കേയാണ് ശിഖർ ധവാൻ പുറത്തായത്. രണ്ടാം ടെസ്റ്റിൽ ധവാന് സെഞ്ചുറി നേടാനായില്ലെങ്കിലും ഇന്നിങ്സിനും 239 റൺസിനും ഇന്ത്യയ്ക്ക് വിജയം നേടാൻ കഴിഞ്ഞു. ഇന്നു തുടങ്ങിയ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും ധവാന് പെട്ടെന്ന് തന്നെ മടങ്ങേണ്ടി വന്നു. 23 റൺസെടുത്ത ധവാൻ പെരേരയുടെ ബോളിൽ ലക്മാലിന്റെ കിടിലൻ ക്യാച്ചിലൂടെയാണ് പുറത്തായത്.

ധവാന്റെ ക്യാച്ച് എടുക്കാനുളള ശ്രമത്തിൽ ലക്മാലിന്റെ ഷൂസ് ഒരെണ്ണം ഊരിപ്പോയി. ഒറ്റ ഷൂസിൽ ലക്മാൽ നേടിയ ക്യാച്ച് കണ്ട് എല്ലാവരും ഞെട്ടി. ലക്മാലിന്റെ പ്രകടനം കണ്ട് ശ്രീലങ്കൻ താരങ്ങൾക്ക് ചിരിയടക്കാനായില്ല. പവലിയനിലേക്ക് മടങ്ങിപ്പോകുമ്പോൾ ലക്മാലിന്റെ ക്യാച്ചിനെ ഓർത്ത് ധവാൻ ചിരിക്കുന്നുണ്ടായിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് മൽസരം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച വിജയം നേടി. മൂന്നാം മൽസരം ഇരുടീമുകൾക്കും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ