ഇൻഡോർ: ബോളർമാരുടെ ശമ്പപ്പറമ്പായി മാറിയ ഇൻഡോറിലെ മൈതാനത്ത് അതിവേഗ സെഞ്ച്വറി തികച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. 35ാം പന്തിലാണ് ഹിറ്റ്മാൻ സെഞ്ച്വറി തികച്ചത്. ഹിറ്റ്മാന്റെ മികവിൽ ഇന്ത്യ 11.2 ഓവറിൽ 148 എന്ന നിലയിലാണ്.
കൂറ്റനടികൾ പലത് കണ്ട ഇൻഡോറിലെ മൈതാനത്ത് ലങ്കൻ ബോളിംഗ് നിര അക്ഷരാർത്ഥത്തിൽ പരാജയപ്പെടുന്നതാണ് കണ്ടത്. ഇതിനോടകം എട്ട് സിക്സറുകൾ പറത്തിയ രോഹിത് ശർമ്മ 11 ബൗണ്ടറികളും നേടി.
ലോകേഷ് രാഹുലും കുറച്ചില്ല. 33 പന്തിൽ നിന്ന് 46 റൺസെടുത്ത രാഹുൽ മൂന്ന് ഫോറും മൂന്ന് സിക്സറുമാണ് ഇതുവരെ നേടിയിരിക്കുന്നത്.
ലങ്കൻ ക്യാപ്റ്റൻ തിസേര പെരേരയാണ് രോഹിതിന്റെ ആക്രമണത്തിന് കൂടുതൽ ഇരയായത്. രണ്ടോവറിൽ 38 റൺസാണ് ലങ്കൻ ക്യാപ്റ്റൻ ഇതുവരെ വഴങ്ങിയത്.
9ാം ഓവറിൽ അസേല ഗുണരത്നയെ രണ്ട് വീതം സിക്സറുകളും ഫോറുകളും പായിച്ച രോഹിത്, 11ാം ഓവർ എറിഞ്ഞ തിസേര പെരേരയെ തുടർച്ചയായി നാല് സിക്സറുകൾ പറത്തി.
ചെറിയ മൈതാനത്തിന്റെ അനുകൂല ഘടകങ്ങൾ മുതലാക്കിയാണ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് അദ്ദേഹം പുറത്തെടുത്തത്.