കാന്‍ഡി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് കാന്‍ഡിയില്‍ തുടക്കമാവും. ആദ്യ രണ്ട് ടെസ്റ്റും ആധികാരികമായി ജയിച്ച ഇന്ത്യ പരമ്പര തൂത്തൂവാരാനാണ് ഇറങ്ങുന്നത്. സസ്പെൻഷനിലായ രവീന്ദർ ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലോ, കുൽദീപ് യാദവോ ആയിരിക്കും കളിക്കുക. അതേ സമയം ലങ്കൻനിരയിൽ പരിക്കേറ്റ രംഗന ഹെരാത്ത് കളിക്കില്ല. നുവാന്‍ പ്രദീപിനും അസേല ഗുണരത്നെയ്ക്കും പരുക്കേറ്റതും ലങ്കയ്ക്ക് തിരിച്ചടിയാവും.
ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാല്‍ അത് ചരിത്രമാകും. ശ്രീലങ്കയാകട്ടെ അത്ര ഫോമിലല്ലാത്ത അവസ്ഥയിലുമാണ്. ടീമിലെ പല പ്രമുഖരും ഫോമിലല്ലാത്തതും ചിലര്‍ പരിക്കുമൂലം മാറി നില്ക്കുന്നതും ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു.
ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ച 1932 മുതല്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മുഴുവനായി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടെസ്റ്റ് വിജയിക്കാനായാല്‍ അത് കോഹ്ലിയുടെ നായകകിരീടത്തില് ഒരു പൊന്‍തൂവലാകും.