കൊ​​ളം​​ബോ: മ​​ഴ​​മൂ​​ലം രണ്ട് ഓ​​വ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ച മത്സരത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്കുളള സാധ്യതകൾ സജീവമാക്കി. നിശ്ചിത 19 ഓവറിൽ ലങ്ക മുന്നോട്ട് വച്ച 152 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ ഇന്ത്യ മറികടന്നു. ദി​​നേ​​ഷ് കാ​​ർ​​ത്തി​​കും (25 പ​​ന്തി​​ൽ 39 റ​​ണ്‍​സ്) മ​​നീ​​ഷ് പാ​​ണ്ഡെ​​യും (31 പ​​ന്തി​​ൽ 42 റ​​ണ്‍​സ്) ചേർന്നുളള കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ച് കളിച്ച ഗുണതിലക ആദ്യ ഓവറിൽ തന്നെ 17 റൺസ് അടിച്ചുകൂട്ടി. എന്നാൽ ഈ പോരാട്ടം അധികം നീണ്ടില്ല. മൂന്നാം ഓവറിൽ 25 റൺസിൽ നിൽക്കെ ഗുണതിലകയെ മടക്കി ഠാക്കൂർ ഇന്ത്യക്ക് പ്രതീക്ഷ നൽകി.

ഒരറ്റത്ത് കുശാൽ മെന്റിസ് നിലയുറപ്പിച്ചെങ്കിലും വലിയകൂട്ടുകെട്ടുകളില്ലാതെ ലങ്കയെ പിടിച്ചുനിർത്താൻ ഇന്ത്യക്ക് സാധിച്ചു. കുശാൽ പെരേര (മൂന്ന്) പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റിൽ ഉപുൽ തരംഗയുമൊത്ത് മെന്റിസ് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ തരംഗയെ മടക്കി വിജയ് ശങ്കർ മികവു കാട്ടി.

ക്യാ​​പ്റ്റ​​ൻ തി​​സാ​​ര പെ​​രേ​​ര (ആ​​റു പ​​ന്തി​​ൽ 15) ആ​​ക്ര​​മി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഇ​​ന്നിം​​ഗ്സ് നീ​​ണ്ടി​​ല്ല. വാലറ്റക്കാർ വെറും കാഴ്ചക്കാരായതോടെ ലങ്ക ചെറിയ സ്കോറിൽ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി.

ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും അടിച്ച് കാണികളെ അമ്പരപ്പിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ (10 പ​​ന്തി​​ൽ എ​​ട്ട്) രണ്ടാം ഓവറിൽ മടങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികവു കാട്ടിയ ശിഖർ ധവാനും (ഏ​​ഴ് പ​​ന്തി​​ൽ 11) അലസമായ ഷോട്ടിൽ വിക്കറ്റ് തുലച്ചു.

ആക്രമിച്ച് കളിച്ച സുരേഷ് റെയ്ന ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 15 പന്തിൽ 27 റൺസ് നേടിയ അദ്ദേഹവും വിക്കറ്റ് തുലച്ചാണ് മടങ്ങിയത്. ബാക്ക്ഫൂട്ടിൽ കളിച്ച് ഹിറ്റ് വിക്കറ്റായി മടങ്ങിയ കെഎൽ രാഹുൽ പരിഹാസ കഥാപാത്രമായി. അഞ്ചാം വിക്കറ്റിൽ ദിനേഷ് കാർത്തിക്കും മനീഷ് പാണ്ഡെയും ഒത്തുചേർന്നതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് നടന്നടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ