ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണിയുടെ 300-ാം ഏകദിന മൽസരമായിരുന്നു ഇന്നലെ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിൽ നടന്നത്. 49 റൺസെടുത്ത് പുറത്താകാതെ നിന്നത് ധോണിയുടെ 300-ാം ഏകദിനത്തിന് മാറ്റു കൂട്ടി. മനീഷ് പാണ്ഡ്യെയുമായി ചേർന്ന് ധോണി നേടിയത് 101 റൺസിന്റെ കൂട്ടുകെട്ട്. ഇന്ത്യൻ സ്കോർ 300 കടക്കുന്നതിൽ ധോണിയുടെ പങ്കും നിർണായകമായി. റൺസ് കൊണ്ട് മാത്രമല്ല വിക്കറ്റ് കീപ്പർ എന്ന നിലയിലും ധോണിയുടെ പ്രകടനം ശ്രീലങ്കയ്ക്ക് എതിരെ മികച്ച വിജയം നേടുന്നതിന് ഇന്ത്യയ്ക്ക് തുണയായി.

ശ്രീലങ്കയുടെ ഓപ്പണർ നിരോഷാൻ ഡിക്‌വെല്ലയെ വിക്കറ്റ് ഇന്ത്യയ്ക്ക് ലഭിച്ചത് ധോണിയുടെ ആത്മവിശ്വാസത്തിലൂടെയാണ്. നിരോഷന്റെ ബാറ്റിൽ ബോൾ തട്ടിയതിനുശേഷമാണ് ധോണിയുടെ കൈകളിൽ ബോൾ എത്തിയത്. പക്ഷേ അംപയർ നോട്ട് ഔട്ട് വിളിച്ചു. പക്ഷേ ധോണിക്ക് അത് ഔട്ടാണെന്ന് ഉറപ്പുണ്ടായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് റിവ്യൂ ചോദിക്കാൻ ധോണി ആവശ്യപ്പെട്ടു. ധോണിയുടെ വാക്കുകൾ നിരാകരിക്കാതെ കോഹ്‌ലി അനുസരിച്ചു. ഒടുവിൽ ധോണിയുടെ തീരുമാനം ശരിയായി. റിവ്യൂവിൽ നിരോഷന്റെ ബാറ്റിൽ ബോൾ തട്ടിയെന്ന് ഉറപ്പായി. അംപയർ ഔട്ട് വിളിച്ചു.

ഇതിനുപിന്നാലെ ആരാധകർ ധോണിയെ അഭിനന്ദിച്ച് ട്വിറ്ററിലെത്തി. ഇതാണ് മാഹി സ്റ്റൈൽ എന്നായിരുന്നു ഒരു ട്വീറ്റ്. ഡിസിഷൻ റിവ്യൂ സിസ്റ്റം എന്നത് ധോണി റിവ്യൂ സിസ്റ്റം എന്ന് ഐസിസി മാറ്റണമെന്നാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ