ന്യൂഡൽഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഇന്ത്യൻ താരങ്ങളും. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കാണ് അന്തരീക്ഷ മലിനീകരണം കാരണം ഇന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രണ്ടാം ഇന്നിങ്ങ്സിൽ പന്തെറിയാൻ എത്തിയ ഷമി മൈതാനത്ത് ഛർദ്ദിച്ചു. നേരത്തെ മലിനീകരണത്തേത്തുടർന്ന് ഫീൽഡ് ചെയ്യാൻ വിസമ്മതിച്ച ശ്രീലങ്കൻ താരങ്ങളുടെ നിലപാടിനെതിരെ വിരാട് കോഹ്‌ലി രൂക്ഷമായാണ് പ്രതികരിച്ചത്.

ഇന്ന് രാവിലെ പന്തെറിയുന്നതിനിടെ ശ്രീലങ്കൻ താരം സുരങ്ക ലക്മലിനും ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മത്സരത്തിനിടെ സുരങ്ക ലക്മൽ ഛർദ്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങ് ആറാം ഓവറിലെത്തിയപ്പോഴാണ് പേസ് ബൗളര്‍ ലക്മല്‍ അസ്വസ്ഥത പ്രകടിപ്പിച്ച് മൈതാനത്തിരുന്നത്. തേഡ്മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലക്മല്‍ തുടര്‍ന്ന് മൈതാനത്ത് ഛര്‍ദ്ദിച്ചതോടെ ഫിസിയോ എത്തി പരിചരിക്കുകയും ചെയ്തു. ലക്മലിന് പകരക്കാരനായെത്തിയ ഫീല്‍ഡര്‍ ദാസുന്‍ സനക അടക്കം നിരവധി ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് കളത്തിലിറങ്ങിയത്. ഞായറാഴ്ച്ച ഇന്ത്യയുടെ ബാറ്റിംങിനിടെ മൂന്ന് തവണയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായ പുകമഞ്ഞിനെ തുടര്‍ന്ന് ടെസ്റ്റ് മത്സരം തടസപ്പെട്ടത്.

എന്നാൽ മാസ്ക്ക് ഒന്നും ധരിക്കാതെയാണ് ഇന്ത്യൻ താരങ്ങൾ ഇന്നും ഫീൽഡിങ്ങിന് ഇറങ്ങിയത്. എന്നിട്ടും മുഹമ്മദ് ഷമിക്ക് ഉണ്ടായ അസ്വാസ്ഥ്യം ഇന്ത്യൻ ടീമിന് നാണക്കേടായി. മൈതാനത്ത് ഇന്നും വെളിച്ചക്കുറവ് ഉണ്ടായിരുന്നു. കുറച്ചുവര്‍ഷങ്ങളായി അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും ഡല്‍ഹിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ നവംബറില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ