ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് പരുക്കേറ്റ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി. വ്യാഴാഴ്ച ലക്നൗവിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി താരത്തിന് വലതു കൈത്തണ്ടയിൽ വേദന അനുഭവപ്പെടുകയും തുടർന്ന് ബിസിസിഐ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തിരുന്നു.
പിന്നീട് എംആർഐ സ്കാനിങ് നടത്തുകയും തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരുക്കിന്റെ തുടർചികിത്സയ്ക്കായി ഋതുരാജ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും.
ഇതേത്തുടർന്നാണ് ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി മായങ്ക് അഗർവാളിനെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയത്.
Also Read: വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്റെ തിരിച്ചുവരവ്; ക്രെഡിറ്റ് രോഹിതിന്
ധർമശാലയിൽ മായങ്ക് ടീമിനൊപ്പം ചേർന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ നയിക്കാൻ ഒരുങ്ങുന്ന കർണാടക ബാറ്ററായ മായങ്ക് ഇതുവരെ ഇന്ത്യയ്ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. നേരത്തെ, പരുക്കിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഫാസ്റ്റ് ബോളർ ദീപക് ചാഹറും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവും പുറത്തായിരുന്നു.
രണ്ട്, മൂന്ന് ടി20കൾക്കുള്ള ഇന്ത്യയുടെ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), അവേഷ് ഖാൻ, മായങ്ക് അഗർവാൾ