ഇൻഡോർ: ആദ്യാവസാനം ആക്രമിച്ച് കളിച്ച ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ അപ്രസക്തരായി ലങ്കൻ ബോളിംഗ് നിര. ആദ്യമത്സരത്തിൽ നിറംമങ്ങിയ ഹിറ്റ്മാൻ രോഹിത് ശർമ്മ, ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ മത്സരത്തിൽ ഇന്ത്യ 261 റണ്ണിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.

35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമ്മ, 43 പന്തിൽ നിന്ന് 118 റൺസുമായി മടങ്ങി. പത്ത് സിക്സറുകളും 12 ഫോറുകളും പിറന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. 49 പന്തിൽ നിന്ന് 89 റൺസ് നേടിയ ലോകേഷ് രാഹുൽ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ മികച്ച ഇന്നിംഗ്സിൽ മുഖ്യ പങ്ക് വഹിച്ചു.

മൂന്നാം നമ്പറിൽ ഇറങ്ങിയ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി (21 പന്തിൽ 28)യും തന്റെ ഭാഗം ഭംഗിയാക്കി. രണ്ട് സിക്സറുകളും രണ്ട് ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഹർദ്ദിക് പാണ്ഡ്യ മൂന്ന് പന്തിൽ നിന്ന് 10 റൺസുമായി മടങ്ങിയപ്പോൾ ശ്രേയസ് അയ്യർ റണ്ണൊന്നുമെടുക്കാതെ ആദ്യ പന്തിൽ തന്നെ മടങ്ങി.

ലങ്കൻ നിരയിൽ ഏറ്റവും അധികം റൺസ് വഴങ്ങിയത് നുവാൻ പ്രദീപാണ്. നാലോവറിൽ 61 റൺസാണ് ഇദ്ദേഹത്തിന്റെ ഓവറിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ തിസേര പെരേര, അകില ധനഞ്ജയ എന്നിവരുടെ ഓവറുകളിൽ 49 റൺസ് വീതം ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടി.

ആദ്യ വിക്കറ്റിൽ 165 റൺസ് നേടിയ രോഹിത് ശർമ്മ-ലോകേഷ് രാഹുൽ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് പടുകൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്കുള്ള അടിത്തറ പാകിയത്. ഇവർ 5.3 ഓവറിൽ 50 റൺസ് നേടിയ സംഘം ടീം സ്കോർ 100 ലേക്ക് എത്തിച്ചത് പിന്നീട് 19 പന്തിലാണ്. 150 ലേക്കെും 200ലേക്കും എത്താൻ വെറും 21 പന്തുകൾ മാത്രമേ എടുത്തുള്ളൂ. എന്നാൽ അവസാന മൂന്ന് ഓവറിൽ ഇന്ത്യൻ താരങ്ങൾ കൂടുതൽ ആക്രമകാരികളാവുകയും ഇന്ത്യൻ ഇന്നിംഗ്സിന് കൂടുതൽ വേഗത വരികയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook