പനി ബാധിച്ചതിനെ തുടർന്ന് ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിൽ നിന്ന് പിന്മാറിയ ഇന്ത്യയുടെ ഓപ്പണർ ലോകേഷ് രാഹുൽ ടീമിലേക്ക് തിരിച്ചെത്തി. ട്വിറ്ററിലെ ഔദ്യോഗിക പേജിൽ ബിസിസിഐ യാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

പരിക്കേറ്റതിനെ തുടർന്ന് മൂന്ന് മാസമായി കളിക്കളത്തിന് പുറത്തായിരുന്നു താരം. തോളിലേറ്റ പരിക്കിനെ തുടർന്നാണ് ഇന്ത്യൻ സംഘത്തിൽ ഇദ്ദേഹം മാറ്റിനിർത്തപ്പെട്ടത്. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിന് ഇദ്ദേഹം ഇറങ്ങിയിരുന്നു. ഈ കളിയിൽ അർദ്ധസെഞ്ച്വറി നേടിയെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാകാൻ ഇനിയും വിശ്രമം ആവശ്യമാണെന്ന് വൈദ്യസംഘം നിർദ്ദേശിക്കുകയായിരുന്നു.

മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി ട്വന്റി മത്സരവും അടങ്ങിയ പരമ്പരയ്ക്കായാണ് ഇന്ത്യൻ സംഘം ഇപ്പോൾ ശ്രീലങ്കയിലുള്ളത്. ഇന്നലെ ടീമിനൊപ്പം ചേർന്ന രാഹുൽ ഇന്ന് പരിശീലനത്തിനിറങ്ങി.

ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ലങ്കൻ ബൗളിംഗ് നിരയ്ക്ക് മുകളിൽ വ്യക്തമായ ആധിപത്യമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ നേടിയത്. ശിഖർ ധവാന്റെ(190)യും ചേതേശ്വർ പൂജാരയുടെയും(154) സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 600 റൺസ് നേടി. ഇവർക്ക് പുറമേ അജിങ്ക്യ രഹാനെ, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹർദ്ദിക് പാണ്ഡ്യ എന്നിവരും അർദ്ധസെഞ്ച്വറി നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ