ഒറീസ: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കിൽ തുടക്കം. 3 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ ടീം. ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം ട്വന്റി-20യിലും പരമ്പര നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്.

രോഹിത്ത് ശർമ്മ നയിക്കുന്ന ടീമിൽ മലയാളി താരം ബേസിൽ തമ്പിയും ഉണ്ട്. ഇന്ത്യൻ കുപ്പായത്തിൽ ബേസിൽ തമ്പി അരങ്ങേറ്റം കുറിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് കേരളം. ജസ്പ്രീത് ബൂംറ നയിക്കുന്ന പേസ് അറ്റാക്കിൽ ബേസിൽ തമ്പിയോ മുഹമ്മദ് സിറാജോ ആയിരിക്കും പങ്കാളിയാവുക. ഇന്ത്യന്‍ പ്രിമിയർ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്‍റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു. പരിചയസമ്പന്നനായ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിൽ ഉണ്ട്.

തിസാര പെരേര നയിക്കുന്ന ശ്രീലങ്കൻ ടീമിൽ ഉപുൽ തരംഗ, എയ്ഞ്ചലോ മാത്യൂസ്, കുശാൽ പെരേര, അസേല ഗുണരത്നെ എന്നിവരാണ് പ്രധാന ബാറ്റ്സ്മാന്മാർ. പരിചസമ്പന്നനായ പേസ് ബോളർ ലസിത് മലിംഗ ടീമിലില്ല. നുവാൻ പ്രദീപ്, ദുഷ്മന്ത ചമീര എന്നിവരാണ് ലങ്കയുടെ പേസർമാർ.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡ്യ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുഷ്‌വേന്ദ്ര ചഹൽ, കുൽദ്ദീപ് യാദവ്, ദീപഖ് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയദേവ് ഉനാദ്കഡ്.

ശ്രീലങ്കൻ ടീം : ധനുഷ്ക ഗുണതിലക, ഉപുൽ തരംഗ, സദീര സമരവിക്രമ,കുശാൽ പെരേര, ഏയ്ഞ്ചലോ മാത്യൂസ്, റോഷൻ ഡിക്ക്വെല്ല, ഗുണരത്നെ, തിസാര പെരേര, പതിരാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര, നുവാൻ പ്രദീപ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ