കൊളംബോ: വർഗീയ കലാപത്തെ തുടർന്ന് ശ്രീലങ്കയിൽ​ അടിയന്തരവസ്ഥ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകർ ആശങ്കയിൽ. നിദാഹാസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്ര് ഇനി നടക്കുമോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ മൽസരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.

കൊളംബോയിൽ യാതൊരു വിധ സംഘർഷവും ഇല്ലെന്നും ടീമിന്റെ സുരക്ഷയെപ്പറ്റി ആശങ്കയില്ലെന്നും ബിസിസിഐ വക്താവ് അറിയിച്ചു. എന്നാൽ മൽസരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്രെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

നിദാഹാസ് ട്രോഫിയിലെ ഉദ്ഘാടന മൽസരത്തില്‍ ഇന്ന് ആതിഥേയരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 7.30നാണ് ഇന്ത്യയുടെ മൽസരം. പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയേയും കൂടാതെ ബംഗ്ലാദേശുമാണുള്ളത്. ഇത്തവണ നിദാഹാസ് ട്രോഫിക്കു വേണ്ടിക്കുള്ള പോരാട്ടങ്ങള്‍ ടി20 ഫോര്‍മാറ്റിലാണ്

പത്ത് ദിവസത്തേക്കാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലുളള സംഘർഷം രാജ്യത്തിന്രെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

സിംഹള ബുദ്ധിസ്റ്റുകളെ മുസ്ലീം മതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം ആരംഭിച്ചത്. കാൻഡിയിലെ മുസ്ലീങ്ങൾക്കു നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇസ്‌ലാം മതവിശ്വാസികളുടെ കടകളും വീടുകളും വ്യാപകമായി തകർപ്പെടുകയും ചെയ്തു. പിന്നാലെ സിംഹള ബുദ്ധിസ്റ്റുകൾക്ക് നേരേ ആക്രമണം നടക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook