ഡർബി: വനിതാ ലോകകപ്പിൽ തുടർച്ചയായ നാലാം വിജയവുമായി ഇന്ത്യൻ ടീം. ഇന്ന് നടന്ന മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ 16 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 216 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

ലങ്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ സ്മൃതി മന്ദാനയുടേയും (8), പൂനം റാവത്തിന്റേയും (16) വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ട്കെട്ട് ഒരുക്കിയ ദീപ്തി ശർമ്മ മിതാലി രാജ് സഖ്യമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ദിപ്തി 78 റൺസും മിഥാലി 53 റൺസും നേടി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതോടെ ഇന്ത്യക്ക് 232 റൺസ് എടുക്കാനേ കഴിഞ്ഞു.

ഇന്ത്യൻ വിജയ ലക്ഷ്യം പിന്തുർന്ന ലങ്ക തകർപ്പൻ തുടക്കമാണ് നേടിയത്. ചമാരി അട്ടപ്പട്ടുവും (25) ശശികല സിരിവർധനയും (37) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 2 വിക്കറ്റ് വീതം വീഴ്ത്തിയ ജൂലൻ ഗോസ്വാമിയും പൂനം യാദവും ലങ്കയെ തകർത്തു. 61 റൺസ് എടുത്ത് ദിലാനി മന്ദാര പൊരുതി നോക്കിയെങ്കിലും ഇന്ത്യ വിജയം ആഘോഷിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ