ഇന്ത്യ ശ്രീലങ്ക ആദ്യ ടി 20 നാളെ; മത്സരം അതീവ സുരക്ഷയിൽ

രോഹിതിന്റെ അഭാവത്തിൽ ശിഖർ ധവാനും കെഎൽ രാഹുലും ഓപ്പണിങിൽ​​ എത്തും

India, ഇന്ത്യ, Sri lanka, ശ്രീലങ്ക, t20, virat kohli, വിരാട് കോ‌ഹ്‌ലി, iemalayalam

ഗുവാഹത്തി: പുതുവർഷത്തിലെ പുതിയ തുടക്കത്തിന് വിരാട് കോ‌ഹ്‌ലിയും സംഘവും നാളെ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. മൂന്ന് ടി 20കളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ അസമിലെ ഗുവാഹത്തിയിൽ നടക്കുക.

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഈ പരമ്പരകൾക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. പരമ്പരയ്ക്കിറങ്ങുമ്പോൾ പരുക്കാണ് ഇന്ത്യയെ വലക്കുന്നത്. ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ എന്നീ പ്രധാന താരങ്ങൾ പരുക്ക് മൂലം വിട്ടു നിൽക്കുമ്പോൾ രോഹിത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.

രോഹിതിന്റെ അഭാവത്തിൽ ശിഖർ ധവാനും കെഎൽ രാഹുലും ഓപ്പണർമാരാകും. ധവാന്റെ ഫോമില്ലായ്മ ടീമിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. വിശ്രമം അനുവദിച്ച ശർമയുടെ വിടവു നികത്താനും ഫോം വീണ്ടെടുക്കാനും ധവാന് ലഭിച്ചിരിക്കുന്ന നല്ല അവസരമാണിത്.അതേസമയം രാഹുൽ വിൻഡീസ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിരുന്നു.

Read Also: നിങ്ങൾ മികച്ച കളിക്കാരനാണ്; കോഹ്ലിയെ പുകഴ്ത്തി അഫ്രീദി

ആദ്യം ബാറ്റിങിനിറങ്ങുമ്പോൾ ഇന്ത്യ പരാജയപ്പെടുന്നത് ശീലമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്യുക എന്നത് കുറച്ചു കഷ്ടമാണെന്നത് ഇന്ത്യൻ​നായകൻ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ടി 20 ലേകകപ്പിനു മുന്നോടിയായി ഈ പോരായ്മ ടീം മറികടക്കേണ്ടത് അത്യാവശ്യമാണ്.

നാളുകൾക്ക് ശേഷം ഇന്ത്യൻ മധ്യനിര കരുത്തുകാട്ടുന്നതു തന്നെയാണ് ഏറ്റവും വലിയ​ ആശ്വാസം. റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നീ യുവതാരങ്ങൾ കഴിഞ്ഞ പരമ്പരകളിൽ ടീമിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. വിൻഡീസിനെതിരായ പരമ്പരയിൽ ഉത്തരവാദിത്തത്തോടെ കളിച്ച പന്ത് തന്റെ പ്രാപ്തി തെളിയിച്ചിട്ടുണ്ട്.

ബോളിങില വജ്രായുധം ജസ്പ്രീത് ബുംറ പരിക്ക് ഭേദമായി ടീമിലേക്ക് എത്തിയത് ഇന്ത്യൻ ക്യാംപിന് ഊർജമേകിയിട്ടുണ്ട്. ഷമിയുടെയും ഭുവനേശ്വറിന്റെയും അഭാവത്തിൽ നവ്ദീപ് സൈനിയും ഷാർദൂൽ താക്കൂറുമാകും പേസ് നിരയിൽ ബുംറക്കു കൂട്ടായി എത്തുക. സ്പിൻ നിരയിൽ യുസ്‌വേന്ദ്ര ചഹലും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിൽ ഇടംപിടിക്കും.

മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കയറിക്കൂടുക പ്രയാസമാകും. എങ്കിലും ടീമിലെടുത്ത് കളിപ്പിക്കാതെ ബഞ്ചിലിരുത്തുകയാണെന്ന ചീത്തപേരു മാറ്റാനെങ്കിലും അവസരം കൊടുക്കുമെന്നാണ് സഞ്ജു ആരാധകർ വിശ്വസിക്കുന്നത്.

മറുവശത്ത് ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങൾക്ക് ശേഷമാണ് താരം ടീമിൽ കളിക്കാനെത്തുന്നത്. ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാൽ പെരേര, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ് സിൽവ, കുശാൽ മെൻഡിസ് എന്നീ പ്രധാന താരങ്ങളും ഇന്ത്യക്കെതിരെ ഇറങ്ങും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ടി 20 മത്സരം കനത്ത സുരക്ഷയിലാണ് നടക്കുക. സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്നും അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചിട്ടുണ്ട്.

നാളെ വൈകുന്നേരം ഏഴിന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs sri lanka first t20 peview

Next Story
ഐഎസ്എല്ലിന് ദോഷം ചെയ്യും; റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ജെസൽ കർണിയിറോjessel carneiro, ജെസ്സൽ കർണെയ്റോ, കേരള ബ്ലാസ്റ്റേഴ്സ്, Kerala blasters, isl, ഐഎസ്എൽ, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com